മാണി കാട്ടിയത് കൊടിയ രാഷ്ട്രീയ വഞ്ചന; നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ മാണി - നിലപാടിലുറച്ച് കോൺഗ്രസ്
മാണിക്കെതിരായ നിലപാടിലുറച്ച് കോൺഗ്രസ്; കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചന
കെഎം മാണിക്കും കേരളാ കോൺഗ്രസിനുമെതിരായ (എം) നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോൺഗ്രസ്. മാണി കൊടിയ രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.
കോട്ടയത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ മാണിയാണ്. മാണിയും ജോസ് കെ മാണിയും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിതെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി.
മാണിയോടും മകനോടും കൂട്ടുവേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയത്തിനും സമിതിയിൽ അംഗീകാരം ലഭിച്ചു. കോൺഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഹസൻ വ്യക്തമാക്കി.
ബാർ കോഴ സംഭവം ഉയർത്തി അധികാരത്തിലെത്തിയ സിപിഎം മാണിയെ പിന്തുണച്ചത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഹസൻ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, കെഎം.മാണിയെ തിരിച്ചു കൊണ്ടുവരണമെന്നും കോൺഗ്രസ് അതിനു മുൻകൈ എടുക്കണമന്നും കോൺഗ്രസ് നേതാവ് പിജെ കുര്യൻ ആവശ്യപ്പെട്ടു.