തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം.
എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.