Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (14:42 IST)
കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ കോള്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
 
ചീഫ്‌സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ഏഴ് മാസമായി കൊവിഡ് വൈറസിനെതിരായ പ്രചാരണം രാജ്യത്തെമ്പാടും നടക്കുന്നതായി പരാതിയില്‍ പറയുന്നു. ഇതിന്റെ ഫലമായി കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. 
 
ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിന് ഒരാളെ ഫോണില്‍ വിളിക്കേണ്ടി വരുമ്പോള്‍ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്ന് പരാതിയില്‍ പറയുന്നു. അത്യാവശ്യത്തിന് പോലീസിന്റെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനത്തിനായി ഫോണില്‍ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏര്‍പ്പാടാണ് ഇതെന്ന് പരാതിയില്‍ പറയുന്നു. വിഷയം തീര്‍ത്തും ഗൗരവകരവും പരിഗണനാര്‍ഹവുമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതി ഉടന്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം അധിക്യതര്‍ക്കുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോമാറ്റിക് പാർകിങ്, പ്രീമിയം ഇന്റീരിയർ, ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ പുറത്തുവിട്ട് എംജി !