ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും.