Webdunia - Bharat's app for daily news and videos

Install App

'ഒപ്പം നിൽക്കുന്നവരാണു കരുത്ത്' - മേയർ പ്രശാന്തിനു വൈകാരികമായ ഒരു കുറിപ്പ്

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (10:13 IST)
‘പരസ്പരം മനസ്സിലാവുന്ന സ്‌നേഹത്തിന്റെ ഭാഷ കൂടുതല്‍ പ്രകാശിക്കട്ടെ’. മേയര്‍ ബ്രോക്ക് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വൈകാരികമായ കുറിപ്പ്. ഒപ്പം നിൽക്കുന്നവരാണു കരുത്തെ പ്രസിഡന്റ് കെ കെ സഹദിന്റെ കുറിപ്പിൽ പറയുന്നു. കെ കെ സഹദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം:
 
പ്രിയ്യപ്പെട്ട തിരുവനന്തപുരം മേയർക്ക്‌ വടക്കുനിന്ന് ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതുന്നത്‌.
 
പ്രിയ്യപ്പെട്ട മേയർ,
താങ്കൾക്കവിടെ തിരക്കുകളാണല്ലോ.ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക്‌ സ്നേഹത്തിന്റെ ആശ്വാസവണ്ടികളാണു.അവിടെനിന്ന് വരുന്ന വാർത്തകൾ ഇടക്ക്‌ കാണുന്നുണ്ട്‌.
ഒരുമിച്ച്‌ നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ എന്ത്‌ ആഹ്ലാദമാണല്ലേ.
 
വ്യാഴാഴ്ച മുതൽ ഞങ്ങൾക്ക്‌ ഉറക്കമില്ല.എം എൽ എ ശശിയേട്ടനും ഇവിടെയുള്ള എല്ലാവരും തണുപ്പിൽ നിന്ന് ഒന്ന് നിവർന്ന് നിന്നിട്ടില്ല ഇതുവരെ.കാണാതായവർ,എല്ലാം ഇല്ലാതായവർ,മരണത്തിന്റെ പെരുവെള്ളപ്പാച്ചിലിലേക്ക്‌ ഒഴുകിപ്പോയവർ,ഏത്‌ അവസ്ഥയിലൂടെയാണു തങ്ങൾ കടന്നുപോകുന്നത്‌ എന്നുപോലുമറിയാത്ത തോട്ടം തൊഴിലാളികൾ ആദിവാസികൾ കർഷകർ.തെരച്ചിൽ നടക്കുമ്പോൾ  എന്റെ ഏട്ടൻ അവിടുണ്ടെടാ എന്റെ ഭാര്യ അവിടുണ്ട്‌ എന്റെ കുഞ്ഞിനെ കണ്ടോ എന്നെല്ലാം ചോദിക്കുന്ന ഉറ്റവർ.ഇനിയുള്ള ഈ ജീവിതത്തെ എത്രയോ മാറ്റിമറിച്ചിരിക്കുന്നു തീവ്രമായ ഈ അനുഭവങ്ങൾ.
 
പ്രസ്ഥാനത്തിന്റെ കരുത്തിലും അത്‌ നൽകിയ ആത്മ ധൈര്യത്തിലും മാത്രമാണു മുന്നോട്ട്‌ പോവുന്നത്‌.
കരയാൻ വയ്യ,ഒട്ടേറെപ്പേർക്ക്‌ കരുത്തുപകരേണ്ടതുണ്ട്‌.
സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വാർഡ്‌ മെമ്പർ ചന്ദ്രേട്ടൻ മുതൽ വിവിധ രാഷ്ട്രീയ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവർത്തകർ മുതൽ പേരുകൾ പറഞ്ഞുതുടങ്ങുകയാണെങ്കിൽ അവസാനിക്കില്ല.സഖാക്കളും സുഹൃത്തുക്കളും ഈ ജനതയും
എല്ലാം ഒപ്പമുണ്ട്‌.ആദ്യം ഇവിടെയെത്തുമ്പോൾ കണ്ട ആ അവസ്ഥയിൽ നിന്ന് എല്ലാം മാറിയിരിക്കുന്നു.
വേദനകൾക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാൻ ശീലിക്കുകയാണു ഞങ്ങൾ.സഹായങ്ങൾ എത്തുന്നുണ്ട്‌.ഒരു പരിചയം പോലുമില്ലാത്തവർ വിളിക്കുന്നുണ്ട്‌.ഇടക്ക്‌ വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോൺ വെക്കുകയാണു ചെയ്യാറു.പുത്തുമലയുടെ താഴ്‌വാരത്തെ ആ ജീവിതങ്ങൾ ജീവിതത്തെ,ഭാവിയെ ആശങ്കയോടെ നോക്കുകയാണു.എത്രയെത്രപേരെ നമ്മൾ കൈപിടിച്ചുകൊണ്ടുവരണമെന്നോ.
 
ഒപ്പം നിൽക്കുന്നവരാണു കരുത്ത്.
 
ഉറ്റവരെ കാണാതായിട്ട്‌ ദിവസങ്ങളായെങ്കിലും രക്ഷാപ്രവർത്തനത്തിൽ അന്നുമുതൽ പങ്കെടുക്കുന്ന
ഗൗരിങ്കൻ,മുഹമ്മദ്‌ കുട്ടി എന്നിവർ മുതൽ പേരുപോലുമറിയാത്തവർ ഇവിടെയുണ്ട്‌.എവിടെനിന്നൊക്കെയോ വന്നിരിക്കുകയാണു അവർ.വാടകക്ക്‌ താമസിക്കുന്ന ബത്തേരിയിൽ ഉള്ള സുജിത്‌ എന്നൊരാൾ ഇന്നലെ മേപ്പാടി ക്യാമ്പിലെത്തിയിരുന്നു സ്വന്തമായി ബത്തേരിയിലുള്ള ആറുസെന്റ്‌ ഭൂമി പുനരധിവാസത്തിനു വിട്ടുനൽകാൻ അനുമതി നൽകണമെന്ന് പറഞ്ഞ്‌ അവിടെ കാത്തുനിൽക്കുകയായിരുന്നു.
 
അങ്ങനെ ചെറുതും വലുതുമായ സഹായങ്ങളുമായെത്തും ഒട്ടേറെ വലിയ മനുഷ്യർക്കിടയിലാണിപ്പോൾ.ഫയർ ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ഫോറസ്റ്റുകാരുമെല്ലാം അവരുടെ കഥകൾ പറയുന്നത്‌ കേൾക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച്‌ സ്നേഹത്തിന്റെ പ്രതീക്ഷയുടെ ഈ ദിവസങ്ങളെക്കുറിച്ച്‌ എന്തുപറയണമെന്ന് പോലും എനിക്കറിയില്ല.മേഖലയിലേക്ക്‌ ദുരന്തമറിഞ്ഞെത്തിയ ആ രാത്രി വഴികളെല്ലാം ഇടിഞ്ഞുപോയിട്ടും കിലോമീറ്ററുകൾ വനത്തിലൂടെ നടന്നാണു  സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ യും സോഷ്യൽ ഫോറസ്ട്രി ഡി എഫ്‌ ഒ യും മണി അടക്കമുള്ള വാച്ചർ മാരും മറ്റുള്ളവരും ഇവിടെത്തിയത്‌.അങ്ങനെ എത്ര പേർ.എത്രയോ അനുഭവങ്ങളിലൂടെയാണു ഈ നാട്ടുകാർ കടന്നുപോവുന്നത്‌.
വിടപറഞ്ഞവരുടെ വേദന ഇവിടെല്ലാം തിങ്ങിനിൽക്കുകയാണു.
നമ്മുക്ക്‌ തിരിച്ചുവരണം.
 
മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു. വ്യക്തിപരമായി തിരിച്ചറിഞ്ഞ മനുഷ്യനന്മകളുടെ ഉദാഹരണങ്ങളിൽ പലതും ഉദ്യോഗസ്ഥരിൽ നിന്നുമായിരുന്നു. എത്രയോ പേർ.
 
ശശിയേട്ടൻ എം എൽ എ  പ്രിയ്യപ്പെട്ട സഖാവ്‌., ആ രാത്രി പുത്തുമലയിലേക്ക്‌ കിലോമീറ്ററുകൾ കാടും മലയും കയറി എത്തിയതുമുതൽ ഞങ്ങൾക്കിടയിൽ കാണുകയാണു അദ്ദേഹത്തെ.ഭക്ഷണം പോലും കഴിക്കാൻ പലപ്പോഴും സാധിച്ചിട്ടില്ല അദ്ദേഹത്തിനു.
എന്തു പറഞ്ഞാലും വൈകാരികമായിപ്പോവും.
 
ചന്ദ്രേട്ടൻ,പുത്തുമലയിലെ വാർഡ്‌ മെമ്പറാണു.അദ്ദേഹത്തിന്റെ ഇടപെടലുകൾ ഇല്ലെങ്കിൽ,ആലോചിക്കാൻ വയ്യ.ആളുകളെ അന്ന് രാവിലെ മുതൽ മാറ്റിപ്പാർപ്പിക്കാൻ ഓടിനടന്നതുമുതൽ ഇന്ന് വരെ ചന്ദ്രേട്ടൻ ഒന്നിരുന്നിട്ടില്ല.
 
സബ്‌ കളക്ടർ ഉമേഷ്‌ സർ.എന്തുപറയണമെന്നറിയില്ല. ഈ നാടിന്റെ ഹൃദയത്തിൽ നിങ്ങൾ എപ്പോഴുമുണ്ടാവും. എല്ലാം ഏകോപിപ്പിച്ച്‌ കളക്ടർ അജയകുമാർ സർ.
 
വീടുകൾ വാഗ്ദാനം ചെയ്ത വ്യക്തികൾ സംഘടനകൾ ഇനിയുമെഴുതാനുണ്ട്‌.വഴിയേ പറയാം എല്ലാം.പണികൾ ബാക്കികിടക്കുകയാണു.
 
മേയർ,നിങ്ങളെ വിളിച്ച്‌ പറയാൻ വെച്ചിരുന്ന നന്ദിയെല്ലാം ഇവിടെ പറയുകയാണു.ഇവിടേക്ക്‌ സഹായങ്ങളെത്തിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുക.എല്ലാ ജില്ലകളിൽ നിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഞങ്ങൾക്ക്‌ ആശ്വാസങ്ങളെത്തുന്നുണ്ട്‌.
 
മുഖ്യമന്ത്രി ഇവിടെയെത്തി നൽകിയ ആ വാക്കുകളിൽ
ആശ്വാസത്തിന്റെ സാന്ത്വനത്തിന്റെ കരുതലിൽ ഞങ്ങൾ പ്രതീക്ഷകളും സ്വപ്നങ്ങളും പകരുന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട്‌ പോവുകയാണു.
 
ആദ്യ ദിവസങ്ങളിൽ അൽപം ആശങ്കകളുണ്ടായിരുന്നു.
സഹായങ്ങൾ എത്തുന്നത്‌ സംബന്ധിച്ചായിരുന്നു.ചുരങ്ങളിൽ ഇടക്കിടെയുള്ള തടസ്സങ്ങൾ അത്‌ വർദ്ധിപ്പിച്ചു.ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്‌. പ്രിയ്യപ്പെട്ട വളരെ പ്രിയ്യപ്പെട്ട മേയർ ബ്രോ. അവിടുള്ള എന്റെ പ്രിയ്യപ്പെട്ടവരേ, നന്ദിപറയുന്നതിനെല്ലാം ഇക്കാലത്ത്‌ എന്ത്‌ പ്രാധാന്യമാണുള്ളതെന്ന് അറിയില്ല.ആരോടെല്ലാം പറയേണ്ടി വരും.
 
എല്ലാ മനുഷ്യരോടും സ്നേഹം തോനുന്നു. അത്രയേ പറയാനാകുന്നുള്ളൂ. നിങ്ങളെല്ലാം ഒരിക്കൽ വരൂ, ഈ നാടിനെ എല്ലാവരുടെയും  സഹായത്തോടെ നമ്മുക്ക്‌ വീണ്ടെടുക്കേണ്ടതുണ്ട്‌. കൂടുതൽ മനോഹരമായ പുത്തുമലയിലേക്ക്‌. കൂടുതൽ മനോഹരമായ മേപ്പാടിയിലേക്ക്‌  ഒരിക്കൽ നിങ്ങൾ വരൂ. ആവോളം സ്നേഹത്തിന്റെ മലനിരകൾ നിങ്ങളെ കാത്തിരിക്കും.
 
വയനാടിനുവേണ്ടി. മേപ്പാടിക്കുവേണ്ടി, നന്ദി, അളവറ്റ സ്നേഹം.പരസ്പരം മനസ്സിലാകുന്ന സ്നേഹത്തിന്റെ ഭാഷ കൂടുതൽ പ്രകാശിക്കട്ടെ. മനുഷ്യർ അതെ എത്ര സുന്ദരമായ പദം.
 
കെ കെ സഹദ്‌.
പ്രസിഡന്റ്‌
മേപ്പാടി ഗ്രാമപഞ്ചായത്ത്‌.
വയനാട്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ ഉത്തരവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍

അടുത്ത ലേഖനം
Show comments