സംസ്ഥാനത്ത് അക്രമകാരികളായ 23 ഇനം വിദേശനായകളുടെ പ്രജനനം അനുവദിച്ച് ഹൈക്കോടതി. റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍ ഉള്‍പ്പെടെയുള്ള വിദേശനായകളുടെ പ്രജനനത്തിനാണ് അനുമതി. വിദേശ ഇനം നായകള്‍ക്ക് വന്ധ്യകരണം നടത്തുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന നായപ്രേമികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ 23 ഇനം നായകളുടെ ഇറക്കുമതി, വില്‍പന എന്നിവയുടെ നിരോധനം തുടരും.
നായപ്രേമികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ടിആര്‍ രവി അംഗമായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം 13നാണ് മനുഷ്യജീവന് അപകടം വരുത്തുന്ന 23 ഇനം വിദേശ നായകളുടെ ഇറക്കുമതി, വില്‍പന, പ്രജനനം എന്നിവ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.