Publish Date: Tue, 24 Feb 2026 (14:27 IST)
Updated Date: Tue, 24 Feb 2026 (14:28 IST)
കേരളത്തില്‍ അതിവേഗ റെയില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രാദേശിക വേഗ റെയില്‍ സംവിധാനമായ ആര്‍ആര്‍ടിഎസ് പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് ''മെട്രോമാന്‍'' ഇ ശ്രീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ആര്‍ആര്‍ടിഎസിന് ബദലായി മറ്റൊരു ഹൈസ്പീഡ് റെയില്‍ കോറിഡോറാണ് ഇ ശ്രീധരന്‍ മുന്നോട്ട് വെയ്ക്കുന്നത്.തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഹൈസ്പീഡ് റെയില്‍ പാതയാണ് താന്‍ മുമ്പ് നിര്‍ദേശിച്ചതെന്നും സംസ്ഥാനത്തിന്റെ ദീര്‍ഘദൂര ഗതാഗത ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അതാണ് ഏറ്റവും അനുയോജ്യമെന്നും ഇ ശ്രീധരന്‍ പറയുന്നു. നേരത്തെ തയ്യാറാക്കിയ റൂട്ടില്‍ മാറ്റം വരുത്തി പുതുക്കിയ പദ്ധതിയാണ് ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത്. പുതിയ റൂട്ടില്‍ പത്തനംതിട്ടയും ഉള്‍പ്പെടുന്നു.
കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് പാതയില്‍ ആര്‍ആര്‍ടിഎസ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ നഗരപ്രദേശത്താണ് ആര്‍ആര്‍ടിഎസ് അനുയോജ്യമെന്നും സംസ്ഥാനതല ദീര്‍ഘദൂര ഗതാഗതത്തിന് ഇത് പരിഹാരമല്ലെന്നുമാണ് ഇ ശ്രീധരന്റെ പക്ഷം. ഹൈസ്പീഡ് റെയില്‍ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ഒരു അറ്റത്തില്‍ നിന്ന് മറുവശത്തേക്ക് വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്ന് അദ്ദേഹം പറയുന്നു. നിലവിലെ ഗതാഗത തിരക്കും യാത്രാസമയം വര്‍ധനയും കുറയ്ക്കാന്‍ ഇതുവഴി കഴിയുമെന്നും ഇ ശ്രീധരന്‍ പറയുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ആരംഭിക്കുന്ന പാത ടണല്‍ വഴി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് വര്‍ക്കല,കൊല്ലം, കൊട്ടാരക്കര,പത്തനംതിട്ട, തിരുവല്ല,കോട്ടയം, വൈക്കം, എറണാകുളം,നെടുമ്പാശ്ശേരി, തൃശൂര്‍,പട്ടാമ്പി,മലപ്പുറം,കരിപ്പൂര്‍,കോഴിക്കോട്,കൊയിലാണ്ടി,വടകര,തലശ്ശേരി,കണ്ണൂര്‍ എന്നിവിടങ്ങളിലെത്തുന്നതാണ് ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്ന പദ്ധതി.
ഡിസൈന്‍ സ്പീഡായി 200 കിലോമീറ്ററും കൊമേഴ്ഷ്യല്‍ സ്പീഡായി 140 കിലോമീറ്ററുമാണ് കണക്കാക്കുന്നത്. അതിവേഗ പാത വഴി തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താനാകും. ഓപ്പറേഷന്‍ സ്പീഡ് 180 കിലോമീറ്ററാകും. കേരളത്തിലെ 3 വിമാനത്താവളങ്ങളെയും പദ്ധതി ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 56,500 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചെലവായി കണക്കാക്കുന്നത്. പ്രതിദിനം 5 ലക്ഷം യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം- എറാണാകുളം 440 രൂപയും, കോഴിക്കോട്ടേക്ക് 640 രൂപയും കണ്ണൂരിലേക്ക് 780 രൂപയുമാകും പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്.