Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; ഉപാധികളോടെ ഇളവ് അനുവദിക്കും

കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; ഉപാധികളോടെ ഇളവ് അനുവദിക്കും
, തിങ്കള്‍, 7 ജൂണ്‍ 2021 (10:26 IST)
ജൂണ്‍ ഒന്‍പതിന് ശേഷവും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരാന്‍ സാധ്യതയേറി. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഉപാധികളോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ പ്രതീക്ഷിച്ച പോലെ കുറവ് രേഖപ്പെടുത്താത്തതാണ് കേരളത്തില്‍ ആശങ്കയാകുന്നത്. 
 
ജൂണ്‍ ഒന്ന് മുതലുള്ള കണക്കുകള്‍ ഇങ്ങനെ 
 
മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. സംസ്ഥാനത്തെ കോവിഡ് കര്‍വ് താഴുന്നതിന്റെ ഗ്രാഫ് വിശകലനം ചെയ്യുമ്പോള്‍ മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ജൂണ്‍ മൂന്ന് വ്യാഴാഴ്ചയും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ജൂണ്‍ നാലിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനമായി. ജൂണ്‍ അഞ്ചിന് 17,328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആയി ഉയര്‍ന്നു. ജൂണ്‍ ആറ് ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ 14,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 14.27 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് മേയ് 31 ന് ശേഷം ഇതുവരെ രോഗസ്ഥിരീകരണ നിരക്ക് 13 ശതമാനമായി കുറഞ്ഞിട്ടില്ല. 
 
ലോക്ക്ഡൗണ്‍ നീട്ടല്‍ 
 
നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴാതെ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴത്തെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉടനൊന്നും 10 ശതമാനത്തില്‍ കുറയാന്‍ സാധ്യതയില്ല. മാത്രമല്ല കോവിഡ് മരണസംഖ്യയും ദിനംപ്രതി ഉയരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും ലോക്ക്ഡൗണ്‍ നീട്ടിയതും കേരളം പരിഗണിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ച തുടര്‍ച്ചയായി അഞ്ച് ശതമാനത്തില്‍ കുറവുള്ള ജില്ലകള്‍ മാത്രം തുറന്നുകൊടുക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. 
 
ഒറ്റയടിക്ക് തുറന്നാല്‍ വന്‍ പ്രതിസന്ധി 
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയാല്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടന്നേക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഉണ്ട്. അതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യം ആലോചിക്കും. 
 
നിലവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് അടുത്താണ്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരും. ഈ സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
 
ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും 
 
ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും. ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാണ് സാധ്യത. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു