Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗണ്‍ പിന്‍വലിക്കാതെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ്; സര്‍ക്കാര്‍ ആലോചിക്കുന്നു

Webdunia
ശനി, 5 ജൂണ്‍ 2021 (08:55 IST)
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ജൂണ്‍ ഒന്‍പതിന് ശേഷവും തുടരും. ലോക്ക്ഡൗണ്‍ പിന്‍വലിക്കാതെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ ജൂണ്‍ ഒന്‍പതിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്. 
 
രോഗ നിയന്ത്രണത്തിനു കടുത്ത നിയന്ത്രണങ്ങള്‍ തന്നെ തുടരേണ്ട സാഹചര്യമുണ്ട്. അതുകൊണ്ട് ജൂണ്‍ ഒന്‍പതിന് ശേഷം എങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. ഞായറാഴ്ച സമ്പൂര്‍ണ നിയന്ത്രണം തുടരുക. ആഴ്ചയില്‍ മൂന്ന് ദിവസം വിവിധ വിഭാഗങ്ങള്‍ക്ക് തരംതിരിച്ച് പ്രവര്‍ത്തനാനുമതിയും ജോലിക്ക് പോകാനുള്ള അനുമതിയും നല്‍കുക എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജൂണ്‍ ഒന്‍പതിന് ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പിലാക്കാനാണ് സാധ്യത. ഉദാഹരണത്തിന് ബാങ്ക് ആഴ്ചയില്‍ മൂന്ന് ദിവസം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മറ്റ് മൂന്ന് ദിവസം അടഞ്ഞുകിടക്കുകയും ചെയ്യും. 
 
ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാണ് സാധ്യത. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 
 
കഴിഞ്ഞ നാല് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ, ആശങ്ക 
 
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരാഴ്ചയായി അഞ്ച് ശതമാനത്തില്‍ കുറവുള്ള ജില്ലകളില്‍ മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശം അതേപടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ജൂണ്‍ ഒന്‍പതിന് ശേഷവും ലോക്ക്ഡൗണ്‍ തുടരേണ്ടിവരും. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് അത്രത്തോളം ആശ്വാസകരമല്ല. 
 
ജൂണ്‍ 1 മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനമായിരുന്നു. ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ അത് 14.82 ആണ്. ജില്ലകളിലെ രോഗനിരക്കും ആശങ്കയാണ്. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനെയാണ് ഇന്നലെ പ്രതിദിന കോവിഡ് രോഗികള്‍. 
 
മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. സംസ്ഥാനത്തെ കോവിഡ് കര്‍വ് താഴുന്നതിന്റെ ഗ്രാഫ് വിശകലനം ചെയ്യുമ്പോള്‍ മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ജൂണ്‍ മൂന്ന് വ്യാഴാഴ്ചയും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ഈ കണക്കുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments