സംസ്ഥാനത്ത് നിലവിൽ പിന്തുടരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്‌ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോളുള്ളതെന്നും ഇത് കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടാക്കുന്നുവെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു.
ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ ആ ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണവും ആൾക്കൂട്ടവും വർധിക്കുകയാണ് ചെയ്യുന്നത്. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ലോക്ക് ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും ഐഎംഎ പറയുന്നു.
കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ കൊല്ലം കൂടെ തുടർന്ന് പോകും. അതുകൊണ്ട് തന്നെ ഈ സഹചര്യത്തെ മറികടക്കാനുള്ള മാർഗ്ഗങ്ങളാണ് കണ്ടെത്തേണ്ടത്. ഹോം ഐസലേഷൻ പരാജയമാണെന്നും വീടുകൾ ക്ലസ്റ്ററുകൾ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്റര്‍ ഫോര്‍മേഷനും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഐഎംഎ പറയുന്നത്.