കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടി.പി.ആര്‍. നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
നിലവില്‍ ടി.പി.ആര്‍. നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം. എന്നാല്‍ 15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. 10നും 15നും ഇടയില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ ലോക്ക്ഡൗണും അഞ്ചിന് താഴെയുള്ളയിടങ്ങളില്‍ കൂടുതല്‍ ഇളവുകളും അനുവദിക്കണമെന്നാണ് ശുപാര്‍ശ. കൂടുതല്‍ ഇളവുകള്‍ അനുവദിക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
കേരളത്തില്‍ ഇന്നലെ മാത്രം 8,063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനമാണ്. ജൂണ്‍ 27 ഞായറാഴ്ച 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടി.പി.ആര്‍. 10.49 ആയിരുന്നു. ജൂണ്‍ 26 ശനിയാഴ്ച 12,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ശതമാനമായിരുന്നു. ജൂണ്‍ 25 ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടി.പി.ആര്‍. 10.6 ശതമാനവും ആയിരുന്നു.
രോഗവ്യാപനതോത് താഴാതെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരും.