പൊലീസുകാരനെ മർദ്ദിച്ച എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മർദ്ദനമേറ്റ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് റിപ്പോർട്ട്
പൊലീസുകാരനെ മർദ്ദിച്ചതിനാണ് എഡിജിപിയുടെ മകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്
എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, ചീത്തവിളിക്കുക, മര്‍ദ്ദിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തത്.
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.