Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതവും മതേതരത്വവും പിന്നെ രാഷ്ട്രീയവും; മാറിയ കേരളചിന്തകള്‍ പറയുന്നത്

webdunia
വ്യാഴം, 23 ജൂലൈ 2015 (17:05 IST)
എന്താണ് മതേതരത്വം...സത്യത്തില്‍ ഇന്നത്തെ മാറിയ പരിതസ്ഥിതിയില്‍ ഇതൊരു കുഴപ്പിക്കുന്ന ചോദ്യമായിരിക്കുകയാണ്. വാസ്തവത്തില്‍ മതേതരത്വമെന്നാല്‍ ഒരു മതത്തിനൊടും പ്രത്യേക മമത കൊടുക്കാതിരിക്കുക, അവഗണന നല്‍കാതിരിക്കുക തുടങ്ങിയവയൊക്കെയാണ് വിവക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ കേരളത്തിന്റെ പൊതുബോധവും രാഷ്ട്രീയവും ഈ ഗുണഗണങ്ങളൊക്കെ കൈവിട്ടുകളഞ്ഞ പുറംതോടുകള്‍ മാത്രമാണോ എന്ന് സംശയം ജനിപ്പിക്കുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം, ഹിന്ദുത്വം, ഭൂരിപക്ഷ അധീശത്വം തുടങ്ങിയ അസന്തുഷ്ടിയുണ്ടാക്കുന്ന പദപ്രയോഗങ്ങള്‍ ധാരാളമായി മുഴങ്ങിക്കേള്‍ക്കുന്നു.

മതവും ജാതിയും പൗരോഹിത്യവും എല്ലാം സജീവമായിരുന്ന കാലഘട്ടം കേരളത്തിനുണ്ടായിരുന്നു. ഒരു പക്ഷെ ഭ്രാന്താലയമെന്ന് വിളിക്കപ്പെടേണ്ടുന്ന ഇരുണ്ട ഭൂതകാലം. എന്നാല്‍ അതിനെയൊക്കെ തട്ടിമാറ്റി ജാതിമത വര്‍ഗ വിചാരങ്ങള്‍ക്കപ്പുറമുള്ള വിശാലമായ കാഴ്‌ചപ്പാടിലേക്ക് മലയാള സമൂഹം വളര്‍ന്ന് വന്നതിനു പിന്നില്‍ പുരോഗമന ആശയങ്ങള്‍ക്കായി പോരാടിയ നമ്മുടെ പൂര്‍വ്വികരായിരുന്നു. അവര്‍ മൂലം മലയാളി ലോകമെങ്ങും അലയടിച്ച സാംസ്‌കാരിക നവോത്ഥാനത്തെ സഹര്‍ഷം സ്വാഗതം ചെയ്‌തു.  കേരളം സ്വതന്ത്ര ചിന്തകള്‍ക്കു മുന്നില്‍ മനസ്‌ തുറന്നുവച്ചു. സാമൂഹിക തിന്മകള്‍ക്കെതിരേ നിസ്‌തുലമായി പോരാടി.

എന്നാല്‍ ഇന്ന് ഇരുണ്ട ആ കാലഘട്ടം പഴയതിലും കരുത്താര്‍ജിച്ച് കുടം തുറന്നു വരുന്ന ഭൂതത്തേപ്പോലെ കേരളത്തെ വിഴുങ്ങാന്‍ തിരികെ വരുന്നതായി ഭയപ്പെടേണ്ടിയിരിക്കുന്നു. രാജ്യത്തെ ഇതര സംസ്‌ഥാനങ്ങളില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന വര്‍ഗീയതയെയും അതിന്റെ ഇരകളെയും സഹാനുഭൂതിയോടെ വീക്ഷിച്ചിരുന്ന, അവയേക്കുറിച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന മലയാളില്‍ ഭാവിയില്‍ അവയുടെ തന്നെ ഇരയായി തീരാന്‍ പോകുന്നതായി സമീപകാല യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ച് ചിലര്‍ ന്യൂനപക്ഷങ്ങളെ സംഘടിപ്പിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിനെ ഭയപ്പെടുത്തി മറ്റുചിലര്‍ സംഘടിക്കുന്നു. ഇക്കഴിഞ്ഞ ബിജെപി സംസ്‌ഥാന നേതൃയോഗത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞ ചില കാര്യങ്ങള്‍ അതുകൊണ്ടു തന്നെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. കേരളത്തില്‍ മുസ്ലിം സമൂഹം കാല്‍നൂറ്റാണ്ടിനകം ഭൂരിപക്ഷമാകുമെന്നും കേരളം ഒരു മുസ്ലിം സംസ്‌ഥാനമാകുമെന്നുമൊക്കെയാണ്‌ യോഗത്തില്‍ ഉയര്‍ന്ന നിരീക്ഷണങ്ങള്‍. രാജ്യത്തെ പാരമ്പര്യമുള്ള ഇടതു പ്രസ്ഥാനമായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടുത്തിടെ തലശ്ശേരിയില്‍ നടത്തിയ പ്രഭാഷണത്തിലും തുടര്‍ന്ന് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങള്‍ ഈ നിരീക്ഷണത്തിന് വളക്കൂറായെന്ന് പറയാതെ വയ്യ. കേരളത്തില്‍ മുസ്ലിം ജനസംഖ്യ 32 ശതമാനമാവുന്നുവെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.

തൊട്ടുപിന്നാലെ കണക്കുകളും വിശദീകരണങ്ങളുമായി ബിജെപിയും രംഗത്ത് വന്നു. മതേതരത്വമെന്നത് മത ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലയിലേക്ക് പോയി എന്നാണ് കാനം വ്യാകുലപ്പെടുന്നത്. ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കേണ്ടത് സംഘപരിവാറിന്റെ രാഷ്ട്രീയ ആവശ്യവും വര്‍ഗീയ അജണ്ടയുടെ ഭാഗവുമാണ്. സത്യത്തില്‍ കാനം പറഞ്ഞത് വച്ച് നോക്കിയാല്‍ ഇക്കാലമത്രയും സംഘപരിവാര്‍ ചീറ്റിക്കൊണ്ടിരുന്ന വര്‍ഗീയതയുടെ തീതുപ്പലുകള്‍ ശരിയായിരുന്നു എന്ന് ഭൂരിപക്ഷം വിശ്വസിച്ചാല്‍ അതിനെ എങ്ങനെ തെറ്റുപറയാതിരിക്കും.

കേരളത്തിലെ മുഖ്യ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളായ ഇടതു-വലതു പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനത്തിന്റെ വക്‌താക്കളാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഇത്തരം ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന ചിന്താക്കൂഴപ്പം പ്രബലമായ ഇടതുപക്ഷത്തിനു സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ജാതിയും മതവും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വോട്ടുപിടിക്കാനിറങ്ങുമോ എന്നാണു ഇനി കണ്ടറിയേണ്ടത്‌. കാലങ്ങളായി സംഘപരിവാറും ബിജെപിയും കിളച്ച് മറിച്ചിട്ടും വിത്തു വിതയ്ക്കാന്‍ സാധിക്കാതെ പോയ മണ്ണാണ് കേരള രാഷ്ട്രീയത്തിലേത്. എന്നാല്‍ കാനത്തിന്റെ ഒറ്റ പ്രസ്താവനയൊടെ കേരളത്തില്‍ ബിജെപിയുടെ കൃഷി ഇനി വളരെ വേഗം പടര്‍ന്നു പന്തലിക്കുക തന്നെ ചെയ്യും.

ഇതിന് ഇടത് പക്ഷവും വലതുപക്ഷവും തന്നെയാണ് വഴിതുറന്നിട്ടത്. താല്‍കാലിക ലാഭത്തിനായി മത സാമുദായിക ശക്തികളെ രാഷ്ട്രീയത്തില്‍ വലിച്ചിഴച്ച കുറ്റത്തിന് മുന്തിയ കാരണക്കാര്‍ കൊണ്‍ഗ്രസും അവര്‍ നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുമാണ്. അധികാരത്തില്‍ കയറുന്ന അന്നുമുതല്‍ മത സാമുദായിക ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുഛമടക്കി നില്‍ക്കുന്ന ഭരണകൂടമാണ് യുഡി‌എഫിന്റേത്. പാണക്കാടും, പെരുന്നയും, കണിച്ചുകുളങ്ങരയും, മെത്രാനച്ചന്മാരുടെ അരമനകളിലും ഖദര്‍ദാരികള്‍ കയറിയിറങ്ങിയ അന്നുതുടങ്ങി കേരളത്തിലെ വര്‍ഗീയ ധ്രുവീകരണം.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നണെന്ന് കരുതുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. പ്രീണന രാഷ്ട്രീയത്തിന്റെ കുത്തിപ്പാച്ചിലില്‍ ഒലിച്ചു പോകാതിരിക്കാന്‍ ഇടത് പാര്‍ട്ടികളും കാലങ്ങളായി മുറുകെ പിടിച്ചിരുന്ന ആശയങ്ങള്‍ കാലാന്തരത്തില്‍ കൈവിട്ടുകളയുന്നതും കേരളം സാക്ഷിയായതാണ്. ജാതിയും രാഷ്‌ട്രീയവും കൂടിക്കുഴഞ്ഞ്‌ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുമോ എന്നും ആശങ്കപ്പെടാതെ വയ്യ. നാമിതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ മതേതരത്വമെന്ന മഹാപ്രസ്‌ഥാനം മനസുകളില്‍ നിന്നു നഷ്‌ടമായാല്‍ അതില്‍പ്പരം മറ്റൊരു ദുരന്തമുണ്ടാകാനില്ല. ചുരുക്കം പറഞ്ഞാല്‍ അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞതില്‍ പിന്നെ ഇടത് പക്ഷത്തിന് കാര്യമായ ആശയക്കുഴപ്പം സംഭവിച്ചിരിക്കുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

Share this Story:

Follow Webdunia Hindi