Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്‌ത്രം കാണത്തക്കവിധം വസ്ത്രം പൊക്കിപ്പിടിപ്പിക്കും, നഗ്നയാക്കിയ ശേഷം ചൂരലിനടിച്ചു - കൊട്ടിയൂര്‍ പള്ളി മഠത്തിലെ ക്രൂരപീഡനം വെളിപ്പെടുത്തി യുവതി രംഗത്ത്

നഗ്നയാക്കിയ ശേഷം ചൂരലിനടിച്ചു - കൊട്ടിയൂര്‍ പള്ളി മഠത്തിലെ ക്രൂരപീഡനം വെളിപ്പെടുത്തി യുവതി രംഗത്ത്

Fr. Vadakkumchery
കണ്ണൂര്‍ , ബുധന്‍, 1 മാര്‍ച്ച് 2017 (20:39 IST)
ബാലികയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ പള്ളിയോട് ചെര്‍ന്നുള്ള മഠത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. കന്യാസ്‌ത്രീയാകാന്‍ മഠത്തില്‍ പഠിച്ചിരുന്ന എലിസബത്ത് വട്ടക്കുന്നേല്‍ എന്ന യുവതിയാണ് ഈ വിവരങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ച്ചത്.

എലിസബത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ക്രൂരയായിരുന്നു ആ കന്യാസ്ത്രീ
...........................................................
കൊട്ടിയൂർ നീണ്ടുനോക്കിപള്ളിയിലെ വികാരിയായിരുന്ന ഫാദർ റോബിൻറ്റെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ ..എനിക്ക് ഇക്കാര്യങ്ങൾ എൻറ്റെ സുഹൃത്തുക്കളെ അറിയിക്കണം എന്ന് തോന്നി. അതുകൊണ്ട് എഴുതുന്നു അല്ലാതെ ഇതിന്റെ പേരിൽ എനിക്ക് മറ്റൊരു പരാതിയും ഇല്ല. വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് വരുന്ന കമന്റുകൾ ഞാൻ ഉൾക്കൊള്ളാൻ തയാറാണ്.

അതേപള്ളിയുടെ കോൺവെണ്റ്റിൽ ആണ് 1999 ൽ ഈ സംഭവം നടന്നത്..
...............................................................................
ഇതെൻറ്റെ മറക്കാനാവാത്ത ഒരു നൊമ്പരാനുഭവമാണ്.ആരോടും ഇന്ന് വരെ പറയാത്ത ,എന്നാൽ ഞാൻ അനുഭവിച്ച ആ സത്യങ്ങൾ സുഹൃത്തുക്കൾ എങ്കിലും അറിയണം എന്ന് തോന്നി.

സ്കൂളിൽ പോകാൻ ഒരുപാട് ദൂരം നടക്കണമായിരുന്നു .അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ .കാല് കല്ലിൽ തട്ടി മുറിഞ്ഞ് അതൊരു വൃണമായി മാറിയതോടെ നടക്കാൻ വളരെ പ്രയാസമായി.കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ജനിച്ചു വളർന്നതുകൊണ്ട് വികാരിയച്ഛൻറ്റെ സഹായത്തോടെ ഒരു മഠത്തിൽ നിന്ന് പഠിക്കുവാൻ ഇടയായി.അവിടെ ചേരുന്നത് വരെ കന്യാസ്ത്രീ ആവാൻ വലിയ താല്പര്യവും ആയിരുന്നു. അങ്ങനെ കൊട്ടിയൂർ എന്ന സ്ഥലത്തു ഉള്ള ഒരു മഠത്തിൽ ചേർത്തു.

അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു.ഞങ്ങൾ മുപ്പതു പെൺകുട്ടികൾ. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം മുറ്റം അടിക്കണം.ചെടികൾ നനയ്ക്കണം.പാചകം ചെയ്യാൻ കൂടണം.വലിയ പശുക്കൾ ഉണ്ട്. അവരെ കുളിപ്പിക്കാൻ കൂടണം.തൊഴുത്ത് വൃത്തിയാക്കണം.അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം.അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു.

ഭക്ഷണം വയറ് നെറച്ചൊന്നും കിട്ടിയിരുന്നില്ല .കൊച്ചു മക്കളല്ലേ കൂടെയുള്ള രണ്ട് കുട്ടികൾ അച്ഛന് ഭക്ഷണം കൊടുത്തു വരുന്ന വഴി ഒരു വാഴക്കുല പഴുത്ത് നിൽക്കുന്നു. വിശന്ന അവർ പഴം ഇരിഞ്ഞു കഴിച്ചു. ജിനിയെന്നായിരുന്നു ആ കുട്ടിയുടെ പേര് എങ്ങനെ യോ ഇത് മഠത്തിൽ അറിഞ്ഞു. ഞങ്ങളെയെല്ലാവരേയും ഒരു മുറിയിൽ വിളിപ്പിച്ചു.

സിസ്റ്റർ. ലൂസി ഞാൻ ആദ്യം ആയി കണ്ടു അവരെ. മഠത്തിൽ അകത്തായകൊണ്ട് കന്യാസ്ത്രീകൾ അണിയുന്ന യൂണിഫോമിൽ അല്ല. ഒരു നൈറ്റിയായിരുന്നു വേഷം.ഷാമ്പൂതേച്ച് പറപ്പിച്ച് അധികം നീളം ഇല്ലാത്ത മുടി.ഇരുനിറം.മെലിഞ്ഞ ശരീര പ്രകൃതി.

ഞങ്ങളോട് ഇന്ന് ചെയ്ത പാപത്തിൻറ്റെ കണക്കു എഴുതാൻ ആവശ്യപ്പെട്ടു.സത്യം എഴുതിയില്ലെങ്കിൽ കള്ളത്തരം അളക്കുന്നതിനുള്ള മെഷീൻ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കുഞ്ഞ് പാപങ്ങൾ എല്ലാവരും എഴുതി.ഓരോരുത്തരെ അവരവരുടെ പാപങ്ങൾക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരൽ ഉപയോഗിച്ച് അടിക്കാൻതുടങ്ങി .എല്ലാവരും അലറികരയും ശബ്ദം പുറത്തു കേൾക്കില്ല.മഠത്തിലെ അകത്തെ മുറിയിൽ നിന്നും ഒരു ശബ്ദവും പുറത്ത് കേൾക്കില്ല.മാത്രമല്ല ആ ചുറ്റുവട്ടത്ത് തൊട്ട് അടുത്ത് ഒരു വീടു പോലും അന്ന് ഇല്ല. ഒടുവിൽ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടു പിടിച്ചു പഴംപറിച്ചുതിന്ന ആളാണ് ജിനി.

ജിനിയെ അവർ മറ്റൊരു മുറിയിൽ കൂട്ടി കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും അടികൊണ്ടവേദനയിൽ പേടിച്ച് വിറച്ച് ഇരിക്കുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ കരഞ്ഞ് തളർന്നു ജിനി പുറത്തു വന്നു . രാത്രി യായപ്പോൾ ജിനി ഉടുപ്പിട്ടിട്ടില്ല. അടി യുടെ ചോരപ്പാടുകൾ കൊണ്ട് പൊട്ടിയ ശരീരത്തിൽ വസ്ത്രം തൊടുമ്പോൾ നീറിയിരുന്നു. വിശന്നപ്പോൾ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവൾ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു.

അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിൽ അമ്മ പപ്പ അതായിരുന്നു ചിന്ത. വീട്ടിൽ പോണം.പേടിയാവുന്നു മാതാവേ കരഞ്ഞ് പ്രാർത്ഥിച്ചു.

രാത്രി ഏകദേശം ഇരുട്ടിയപ്പോൾ ആരോ കതകുതുറന്നു പോകുന്ന ശബ്ദം കേട്ടു.പെട്ടെന്ന് ആരോക്കെയോ ചേർന്ന് ഒരു കുട്ടിയെ ബലമായി പിടിച്ച് കൊണ്ട് വന്നു അത് മറ്റാരുമല്ല ജിനി.അവൾ രാത്രി ആരും അറിയാതെ പോകാൻ നോക്കിയതാ.പക്ഷേ പിടിച്ചു.

ഈ ലൂസി എന്ന സിസ്റ്റർ ആണ് ക്രൂരമായി ഉപദ്രവിച്ചിരുന്നത്.അവരുടെ ഈ ക്രൂരത ഒരു ഹരംപോലെ അവർ ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കമായാൽ,അഞ്ച് മിനിറ്റ് വൈകി രാവിലെ എഴുന്നേറ്റാൽ കഠിനശിക്ഷകൾ നല്കി.അവിടത്തെ ഏറ്റവും സീനിയറും മെയിൻ ഭരണാധികാരിയുമൊക്കെ അവർ ത്തന്നെ യായിരുന്നു. പുറമേക്കാരുടെയിടയിൽ അവർക്കു നല്ല സ്ഥാനമാണുള്ളത്. പേടിപ്പിച്ചു നിർത്തിയത് കൊണ്ടു കുട്ടികൾക്ക് മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നു.

 ഒടുവിൽ എന്റെ ദിവസവും വന്നെത്തി. എൻറ്റെ പപ്പ എനിക്കു തന്ന പത്ത് രൂപ ബാഗിലുണ്ടായിരുന്നു.പൈസ കൈയിൽ ഉണ്ടെങ്കിൽ അത് ബാഗിൽ സൂക്ഷിക്കാതെ അവരെ ഏല്പിക്കണം എന്നായിരുന്നു നിയമം .സ്കൂളിൽ പോകുമ്പോൾ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാൻ പറഞ്ഞത് കൊണ്ട് ആ കാശ് ഞാൻ കൊടുത്തില്ല.ഇടയ്ക്കിടെ ബാഗ് പരിശോധന ഉണ്ട് അങ്ങനെ യാണ് അത് പിടിച്ചത്.

എന്നെ യും പതിവ് പോലെ അവർ അകത്തുള്ള ഇരുട്ടുമുറിയിൽ കൊണ്ടു പോയി.എന്നോട് മുട്ടുകുത്തിനില്ക്കാൻ പറഞ്ഞു. പേടിച്ചരണ്ട ഞാൻ ആ വലിയ ചൂരലിൽ ഒന്ന് നോക്കി യപ്പോൾ തന്നെ കരഞ്ഞ് പോയി പേടിച്ചിച്ചിട്ട് ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടർത്തി യക്ഷി യെപ്പോലെ അവർ അലറി എൻറ്റെ ബ്ളൗസും പാവാടയും ഊരിപ്പിച്ചു.അടിവസ്ത്രം മാത്രം ആയി വേഷം കൈകൾ കെട്ടി വെയ്ക്കാൻ പറഞ്ഞു. .ചൂരലിൽ എണ്ണതേച്ച് അടി തുടങ്ങി ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു.കരഞ്ഞില്ല ഞാൻ സഹിച്ചു.കരയെടീ എന്ന് പറഞ്ഞവർ ചോര തെറിക്കുന്നതുവരെ അടിച്ചു.എഴുന്നേൽപിച്ച് നിർത്തി തുടപൊട്ടിചോരയൊലിക്കുംവരെ അടിച്ചവർ രസിച്ചു.കരഞ്ഞില്ല ഞാൻ . ഒടുവിൽ നടക്കാൻ വയ്യാത്ത എന്നെതാങ്ങിയെടുക്കാൻ രണ്ടു ചേച്ചിമാർ വന്നു.

കരഞ്ഞ് തളർന്ന എനിക്കു എന്റെ പപ്പയെ ഒന്നു കാണണം മാതാവേ എന്ന് നിലവിളിച്ചു പ്രാർഥിച്ചു ഇതെഴുതുമ്പോൾ ഇപ്പോഴും എൻറ്റെ കണ്ണ് നിറയുന്നു.എനിക്കു വല്ലാതെ പനി പിടിച്ചു. ഒടുവിൽ സ്കൂളിലെ സാറിൻറ്റെ നിർദ്ദേശം അനുസരിച്ച് പപ്പയെ വിളിപ്പിച്ചു.അടി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ല.പകരം ഞാൻ പറഞ്ഞു എനിക്കു വീട്ടിൽ വരണം.എനിക്കു ഇവിടെ പഠിക്കണ്ട.എൻറ്റെ കരച്ചിൽ കണ്ട് പപ്പ എന്നെ വീട്ടിൽ കൊണ്ട് പോയി .അമ്മയായിരുന്നു.അന്നെന്നെ കുളിപ്പിച്ചത് എൻറ്റെ ദേഹത്ത് അടിപ്പാടുകൾ കണ്ടു എൻറ്റെ പപ്പയെ വിളിച്ചു അവരെന്നെക്കൊണ്ട് സത്യം പറയിപ്പിച്ചു.

പപ്പ ഡ്രസ് മാറി പോകുന്നത് കണ്ടു.പിന്നെ ലൂസി സിസ്റ്റർ ജോലി ചെയ്യുന്ന പ്രസിൽ എത്തി.

പിന്നെ അവളെ തല്ലാൻ ചെന്ന പപ്പയെ ആരൊക്കെയോ തടഞ്ഞു. അങ്ങനെ നിരാശനായി തിരിച്ചു മടങ്ങി.

അവളെ ശരിയാക്കണം എന്ന ചിന്ത എൻറ്റെ പപ്പയിൽ വർദ്ധിച്ചുവന്നു.ഒരിക്കൽ അതിന് വേണ്ടി സിസ്റ്റർ ലൂസിയെ തേടിയിറങ്ങി. എന്നാൽ അവൾ സുവിശേഷം അറിയിക്കാൻ മറ്റേതോ ദൂരസ്ഥലത്തേയ്ക്ക് പോയിയെന്നറിയാൻ കഴിഞ്ഞു.

ഇന്ന് പ്രതി കാരം ചെയ്യാൻ എനിക്കു പപ്പയുടെ സഹായം ആവശ്യം ഇല്ല. എന്നെങ്കിലും അവരെ കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു . കണ്ടുമുട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നെനിക്കറിയില്ല .ചിലപ്പോൾ ഒരു പ്രതികരണം എൻറ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. ചിലപ്പോൾ മറിച്ചും ആകാം കാരണം പതറാത്ത മനോധൈര്യവും മരണത്തെ പോലും ഭയക്കാത്ത ഉറച്ച മനസും ആണ് ഇന്നനിക്കുള്ളത്. അന്ന് മുതൽ കന്യാസ്ത്രീയാവണം എന്ന മോഹം എങ്ങോ പോയി മറഞ്ഞു. (NB ഫോട്ടോ ഇട്ടത് ഞാൻ എഴുതിയത് സത്യമാണ് .അനുഭിച്ച വ്യക്തി ഈ ഫോട്ടോയിൽ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഒന്നുകൂടി വായിക്കുന്നവർക്ക് ഉറപ്പ് വരാൻ )

എലിസബത്ത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ട്രംപ് പണിയൊപ്പിച്ചു; വീഡിയോ വൈറല്‍