കേരളത്തില്‍ പലയിടത്തും അപ്രതീക്ഷിത മഴ. ഇടിയോടു കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇടവിട്ടുള്ള മഴ ലഭിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മധ്യ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' ആണ് മഴയ്ക്ക് കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്തുനിന്ന് ആരംഭിച്ച് പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. ഇതിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരത്തും ലക്ഷദ്വീപിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.