Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

Karunya health scheme Kerala,Karunya Benevolent Fund,Free treatment Kerala health department,KASP health scheme benefits,കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി,കാരുണ്യ ബനവലന്റ് ഫണ്ട്,സൗജന്യ ചികിത്സ കേരളം,കേരള സർക്കാർ ആരോഗ്യ പദ്ധതികൾ

അഭിറാം മനോഹർ

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (15:42 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കും കൂടി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും, 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കുമാണ് വകയിരുത്തിയത്.
 
കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന ഈ തുക സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്യും. അതേസമയം കാരുണ്യ ബെനവലന്റ് ഫണ്ടിനുള്ള തുക ലോട്ടറി വകുപ്പിലൂടെയാണ് അനുവദിച്ചത്.
 
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 25.17 ലക്ഷം പേരാണ് പദ്ധതികളില്‍നിന്ന് പ്രയോജനം കണ്ടെത്തിയത്. ആകെ 7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. ഇതില്‍ 24.06 ലക്ഷം പേരെ കാസ്പ് വഴി (7163 കോടി രൂപ) ഉള്‍പ്പെടുത്തിയപ്പോള്‍, 64,075 പേര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന 544 കോടി രൂപയുടെ ചികിത്സ ലഭിച്ചു.
 
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് നടപ്പാക്കുന്നത്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മുന്‍പുണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികള്‍ ഏകീകരിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാകും. സംസ്ഥാനത്ത് 591 പൊതു-സ്വകാര്യ ആശുപത്രികള്‍ പദ്ധതി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
 
കാരുണ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത, വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കും കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ സഹായം ലഭിക്കും. ഇവര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. വൃക്ക സംബന്ധമായ ചികിത്സകള്‍ക്കായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്ന പ്രത്യേക സൗകര്യവും നിലവിലുണ്ട്.
 
പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും ദിശ ഹെല്‍പ്ലൈന്‍ (1056/104), സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ/സംസ്ഥാന ഓഫീസുകള്‍ എന്നിവ വഴി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്