Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, നാളെയോടെ ശക്തി പ്രാപിക്കും; ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ മഴ
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്
Kerala Weather - August 27
Kerala Weather: ദുര്‍ബലമായ കാലവര്‍ഷം കേരളത്തില്‍ വീണ്ടും സജീവമാകുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വീണ്ടും മഴ. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. നാളെയോടെ (ഓഗസ്റ്റ് 28) ന്യൂനമര്‍ദ്ദത്തിനു ശക്തിപ്രാപിക്കും.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഓഗസ്റ്റ് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. തിങ്കളാഴ്ച രാത്രി സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചു.