Publish Date: Fri, 08 Jan 2021 (08:29 IST)
Updated Date: Fri, 08 Jan 2021 (08:30 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതിനോടൊപ്പം ആഗോള കാലാവസ്ഥ പ്രതിഭാസമായ ജൂലിയന്‍ ഓസിലേഷന്റെ സാനിധ്യവുംകൂടി ചേർന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം.
ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലകളിൽ ഇടിമിന്നല്‍ ശക്തമാകാൻ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.