മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും കേരളത്തിൽ അനുവദിക്കില്ല; പൗരത്വ ഭേദഗതി ബില്ലിനോട് നോ പറഞ്ഞ് മുഖ്യമന്ത്രി
കേരളത്തിന്റെ തീരുമാനം സർക്കാരിനെ അറിയിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ ചോദ്യം ചെയ്യും. ബിൽ ഭരണഘടനാ വിരുദ്ധമായതിനാൽ കേരളത്തിൽ നടപ്പാക്കില്ല. കേരളത്തിന്റെ തീരുമാനം സർക്കാരിനെ അറിയിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്നവരാണ് രാജ്യത്തുള്ളത്. ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കുന്ന നിയമം കേരളത്തിൽ വിലപ്പോകില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് പരിധിവിടാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.