Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേപ്പ് ചെയ്യപ്പെട്ട സ്ത്രീകൾ പിന്നീട് പുഞ്ചിരിച്ചാൽ 'നടന്നത് റേപ്പല്ല, സെക്സാണ് ' എന്ന് അവർ പറയും!

മേരി കോമിനെ വാഴ്ത്തുന്നവർ ശോഭയെ കാണുന്നില്ല?

റേപ്പ് ചെയ്യപ്പെട്ട സ്ത്രീകൾ പിന്നീട് പുഞ്ചിരിച്ചാൽ 'നടന്നത് റേപ്പല്ല, സെക്സാണ് ' എന്ന് അവർ പറയും!
, തിങ്കള്‍, 26 നവം‌ബര്‍ 2018 (13:37 IST)
ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമായി മാറിയിരിക്കുകയാണ് മേരി കോം. മേരി കോമിനെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ, അതേസമയം തന്നെയാണ് തൊടുപുഴക്കാരി ശോഭ തന്റെ നിരപരാധിത്വം തെളിയിച്ചതും. പക്ഷേ, ഒരു സെലിബ്രിറ്റി അല്ലാത്തതിനാൽ ശോഭയെ അഭിനന്ദിക്കാനോ അവരുടെ മനക്കരുത്തിനെ സല്യൂട്ട് ചെയ്യാനോ ആരുമുണ്ടായില്ലെന്ന് വേണം പറയാൻ.
 
ശോഭയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഒട്ടേറെ സാധാരണക്കാരായ സ്ത്രീകൾക്ക് പ്രചോദനം പകരാൻ കഴിയുന്ന, സാധാരണത്വം മുഖമുദ്രയാക്കിയ വീട്ടമ്മയാണ് 
ശോഭ. ഇവിടെയാണ് സന്ദീപ് ദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രാധാന്യം കൂടുന്നത്.
 
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇടിക്കൂട്ടിൽ ചരിത്രം സൃഷ്ടിച്ച മേരി കോം എന്ന മുപ്പത്തിയഞ്ചുകാരിയെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതീകമായി വാഴ്ത്തിക്കൊണ്ടുള്ള ഒട്ടേറെ എഴുത്തുകൾ കണ്ടിരുന്നു. പക്ഷേ അതുല്യപ്രതിഭയായ മേരി കോമിന്റെ തലത്തിലേക്ക് ഉയരാൻ എല്ലാവർക്കും സാധിക്കില്ല എന്നതൊരു യാഥാർത്ഥ്യമാണ്. ഒട്ടേറെ സാധാരണക്കാരും ഈ ലോകത്തിൽ ജീവിക്കുന്നുണ്ടല്ലോ. അവർക്ക് പ്രചോദനം പകരാൻ കഴിയുന്ന,സാധാരണത്വം മുഖമുദ്രയാക്കിയ വനിതകളും നമുക്കിടയിൽ ഉണ്ടായേ തീരൂ. ശോഭ എന്ന തൊടുപുഴക്കാരി അങ്ങനെയുള്ള ഒരാളാണ്.
 
വിവാഹത്തോടെ പഠനം അവസാനിപ്പിച്ച്, കുടുംബം എന്ന വൃത്തത്തിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു സാധാരണ മലയാളി സ്ത്രീയായിരുന്നു അവർ. ശോഭയുടെ ഭർത്താവ് അംഗമായിരുന്ന ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ശോഭയോട് മുഖസാദൃശ്യമുള്ള ഒരു സ്ത്രീയുടെ അശ്ശീല വീഡിയോ വന്നതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്.
 
വീഡിയോയിൽ കണ്ടത് സ്വന്തം ഭാര്യയെത്തന്നെയാണെന്ന് ഭർത്താവ് വിശ്വസിച്ചതോടെ ഒരു പാതിരാത്രിയിൽ ശോഭ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ശോഭ. ഒടുവിൽ നീണ്ട രണ്ടരവർഷങ്ങൾക്കുശേഷം അവർ വിജയത്തിന്റെ മധുരം നുണഞ്ഞു. വീഡിയോയിൽ കണ്ട സ്ത്രീ ശോഭയല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
 
നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത യാതനകളാണ് 30 മാസം കൊണ്ട് ശോഭ അനുഭവിച്ചുതീർത്തത്. നൊന്തു പ്രസവിക്കുകയും ജീവനുതുല്യം സ്നേഹിക്കുകയും ചെയ്ത സ്വന്തം മക്കളെ കാണാനുള്ള അനുവാദം പോലും ശോഭയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഭർത്താവ് കോടതിയിൽ വിവാഹമോചന ഹർജി നൽകുകയും ചെയ്തു. രണ്ടു വ്യക്തികളുടെ സ്വകാര്യസംഭവം മാത്രമാണ് ഡിവോഴ്സ് എന്ന വസ്തുത അംഗീകരിക്കാനുള്ള പക്വത പോലും ഇന്നും ആർജ്ജിച്ചിട്ടില്ലാത്ത മലയാളി സമൂഹം ശോഭയെ എങ്ങനെ നോക്കിക്കണ്ടുകാണും എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
 
അവർ പോയ സ്ഥലങ്ങളിലെല്ലാം ആളുകൾ അടക്കം പറഞ്ഞ് ചിരിച്ചു. കഴുകൻ കണ്ണുകൾ സദാ ശോഭയെ വേട്ടയാടി. ചുരുങ്ങിയപക്ഷം സ്വന്തം മക്കളെങ്കിലും സത്യം തിരിച്ചറിയണം എന്ന ആഗ്രഹത്തോടെ ശോഭ പോരാടി. ഇപ്പോൾ വിജയിച്ചിരിക്കുന്നത് ശോഭയും മക്കളും മാത്രമല്ല,ഈ സമൂഹത്തിലെ സ്ത്രീകൾ കൂടിയാണ് !
 
സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്നും ഒരു കുറവുമില്ല. പല പെൺകുട്ടികളും ഫെയ്സ്ബുക്കിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യാത്തത് ദുരുപയോഗം ഭയന്നാണ്. മോർഫ് ചെയ്ത ഫോട്ടോകളും മറ്റും ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന നികൃഷ്ടജീവികളെ സൈബറിടങ്ങളിൽ ധാരാളമായി കാണാം. ഇതുമൂലം ആത്മഹത്യ ചെയ്ത പെൺകുട്ടികളുണ്ട്. ബന്ധങ്ങളും സൗഹൃദങ്ങളും കൈമോശം വന്നവരുണ്ട്.
 
നൈരാശ്യം മൂത്ത് ശോഭ ജീവനൊടുക്കിയിരുന്നു­വെങ്കിലോ? അവരുടെ മക്കൾ ജീവിതകാലം മുഴുവൻ കുത്തുവാക്കുകൾ കേൾക്കേണ്ടിവരുമായിരുന്നു. ശോഭയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച പരനാറിയ്ക്ക് മറ്റൊരു പെൺകുട്ടിയെക്കൂടി ഉപദ്രവിക്കാനുള്ള ധൈര്യം കിട്ടുമായിരുന്നു.
 
ഇപ്പോഴെന്തായി? ഉശിരുള്ള പെണ്ണൊരുത്തി ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ തീരുന്നതേയുളളൂ ഈ ഓൺലൈൻ ഭീഷണികൾ എന്ന് വ്യക്തമായില്ലേ? ഈ ധൈര്യം മറ്റു പെൺകുട്ടികളും കാണിക്കണം എന്ന് മാത്രം. ഭീഷണിപ്പെടുത്താൻ വരുന്നവനോട് പോടാ പുല്ലേ എന്ന മട്ടിൽ ഫൈറ്റ് ചെയ്യണം !
 
ഈ ആരോപണം ഉയർന്ന സമയത്ത് ശോഭ മനോരമ ന്യൂസിൽ പ്രത്യക്ഷപ്പെട്ട് തനിക്ക് പറയാനുള്ളത് പറഞ്ഞിരുന്നു. പരമ്പരാഗത രീതിയിൽ മുഖം മറച്ചുകൊണ്ട് സംസാരിക്കാൻ ശോഭ തയ്യാറായില്ല. തെറ്റു ചെയ്യാത്തവർ ഒളിച്ചോടേണ്ടതില്ല എന്ന നിലപാടായിരുന്നു അവർക്ക്. ആ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. മനസ്സിൽ വേദനകളുടെ കടലിരമ്പുമ്പോഴും എല്ലാം മറന്ന് പുഞ്ചിരിക്കുന്ന ശോഭയെ ആ അഭിമുഖത്തിൽ കാണാം !
 
പുരുഷൻ ചെയ്യുന്ന തെറ്റാണ് റേപ്പ്. പക്ഷേ അതിന്റെ പേരിൽ അജ്ഞാതവാസം അനുഭവിക്കാറുള്ളത് ആക്രമിക്കപ്പെട്ട സ്ത്രീകളാണ്. അവരൊന്ന് പുഞ്ചിരിച്ചാൽ ''നടന്നത് റേപ്പല്ല,സെക്സാണ് '' എന്ന് വരെ ചില ഊളകൾ പറഞ്ഞുകളയും ! മൃഗങ്ങളെ വരെ ലൈംഗികമായി പീഡിപ്പിക്കുന്ന മനുഷ്യൻമാരുള്ള നാടാണ്. എന്നിട്ടും കുറ്റം ഇപ്പോഴും പെണ്ണിന്റെ വസ്ത്രധാരണത്തിനും അസമയത്തുള്ള സഞ്ചാരത്തിനും തന്നെ !
 
ഈ 'അസമയം' നിശ്ചയിക്കുന്നത് ആരാണ് എന്ന ചോദ്യവും ഉത്തരമില്ലാതെ കിടക്കുന്നു.
 
ഇതുപോലൊരു സമൂഹത്തിൽ ശോഭയുടെ മന്ദസ്മിതത്തിന് വലിയ മൂല്യമുണ്ട്. ചിരിക്കാൻ മറന്നുതുടങ്ങിയ ഒട്ടേറെ ചുണ്ടുകളിലേക്ക് അത് പടർന്നുപിടിച്ചേക്കാം.
 
പെണ്ണിനെ ഒരു മാംസക്കഷ്ണം മാത്രമായി കണക്കാക്കാതെ സഹയാത്രികയായി പരിഗണിച്ചാൽ അവസാനിക്കുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ. ആർത്തവത്തിന്റെ പേരിൽ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ഭർത്താവിന്റെ പരസ്ത്രീബന്ധം ക്ഷമിച്ചും സഹിച്ചും ജീവിക്കുന്ന പല സ്ത്രീകളെയും കാണാൻ കഴിയും. എന്നാൽ മറ്റൊരു പുരുഷനുമായി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട ഭാര്യയോട് ഭർത്താവ് ക്ഷമിക്കുന്നത് കണ്ടിട്ടുണ്ടോ? സ്ത്രീയുടെ ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും നാം കൊണ്ടുനടക്കുന്ന കാലാഹരണപ്പെട്ട വിശ്വാസങ്ങളെയെടുത്ത് കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
ഒരാഗ്രഹമുണ്ട്. ഒരു സാധു സ്ത്രീയുടെ ജീവിതം അലങ്കോലമാക്കിയത് ആരാണെങ്കിലും അർഹിച്ച ശിക്ഷ ലഭിക്കണം.
 
ശോഭമാർ പുഞ്ചിരിച്ചുകൊണ്ടേയിരിക്കട്ടെ...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയുടെ ലൈംഗികാതിക്രമ പരാതി; പി കെ ശശിയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു, നടപടിക്ക് പിന്നിൽ വി എസിന്റെ കത്ത്