സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെയാണ്(25) മരിച്ച നിലയില്‍ കണ്ടെത്തിയത്. 6 മാസം മുന്‍പായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം വൈദ്യുതി ഓഫീസിലെ ജീവനക്കാരനുമായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം.
കൊയമ്പത്തൂര്‍ കോവില്‍പാളയത്താണ് ഏറെക്കാലമായി ശ്രുതിയുടെ കുടുംബം താമസിക്കുന്നത്. അച്ഛന്‍ ബാബു കൊയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്യുന്നത്. വിവാഹശേഷം ഭര്‍തൃമാതാവായ ചെമ്പകവല്ലി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്റെ സ്വര്‍ണാഭരണങ്ങള്‍ കാര്‍ത്തിക്കിന്റെ സഹോദരിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായും അറിയിച്ചിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിയുടെ മാതാപിതാക്കള്‍ വിവാഹസമ്മാനമെന്ന പേരില്‍ നല്‍കിയിരുന്നു. ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കിയെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും മരിക്കുകയല്ലാതെ വഴിയില്ലെന്നും ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് അമ്മയും അച്ഛനും കോയമ്പത്തൂരില്‍ നിന്ന് ശുചീന്ദ്രത്തിലേക്ക് പോകുന്നതിനിടെ യാത്രാമധ്യേയാണ് ശ്രുതി ആത്മഹത്യ ചെയ്തതായി കാര്‍ത്തിക്കിന്റെ സഹോദരി അറിയിച്ചത്. ബുധനാഴ്ച ശ്രുതിയുടെ മാതാപിതാക്കള്‍ ശുചീന്ദ്രം പോലീസിന് പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇതിനിടെ കാര്‍ത്തിക്കിന്റെ അമ്മ ചെമ്പകവല്ലിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഇവര്‍ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണം ഭയന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.