കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി
നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണ് മുഖ്യ പ്രതിയെന്ന് വെളിപ്പെടുത്തൽ. കസ്‌റ്റഡിയിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്‌തതിലൂടെയാണ് പുതിയ വിവരങ്ങൾ ലഭ്യമായത്.
കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം കേസുപുറത്തുവന്നതിനെ തുടർന്ന് നീനുവിന്റെ അച്ഛനും അമ്മയും ഇപ്പോൾ ഒളിവിലാണ്.
കെവിനെ തട്ടിക്കൊണ്ടുപോകാനായി സംഘം രൂപീകരിച്ചത് ഷാനു ആണെന്നും കൊല ആസൂത്രണം ചെയ്‌തതും ഇയാളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി. വീടാക്രമണം, കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി മുഴുവന്‍ സംഭവങ്ങളും ആസൂത്രണം ചെയ്തത് ഷാനു ചാക്കോയാണെന്നാണ് ഇവര്‍ പറയുന്നത്.
വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയായിരുന്നു ലക്ഷ്യം.