കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ കെ.കെ.ശൈലജ; മത്സരിക്കാനില്ലെന്ന് സുധാകരന്‍
2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.കെ.ശൈലജ മത്സരിക്കും. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ശൈലജയ്ക്ക് കണ്ണൂര്‍ മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ട്. സീറ്റ് തിരിച്ചുപിടിക്കാന്‍ ശൈലജയെ പോലെ കരുത്തുറ്റ സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇടത് മുന്നണിക്കുള്ളിലും ശൈലജ മതിയെന്നാണ് നിലപാട്.
2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു. ഇത്തവണ എന്ത് വില കൊടുത്തും കണ്ണൂര്‍ തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടി നയം. അതിനുവേണ്ടിയാണ് ശൈലജയെ തന്നെ രംഗത്തിറക്കാന്‍ സിപിഎം പദ്ധതിയിടുന്നത്. ലോക്സഭയിലേക്ക് മത്സരിക്കാന്‍ ശൈലജയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുധാകരനാണ് കണ്ണൂരില്‍ വിജയിച്ചത്. പി.കെ.ശ്രീമതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ സുധാകരനെ തോല്‍പ്പിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത നേതാവാണ് ശ്രീമതി. ഇത്തവണ ശ്രീമതിക്ക് പകരം ശൈലജ എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുധാകരന്‍ എത്താന്‍ സാധ്യത കുറവാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന സുധാകരന്‍ ഇത്തവണ ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കെപിസിസി അധ്യക്ഷനായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പാര്‍ട്ടിയെ നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ശൈലജ ഇടത് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ സുധാകരന്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വരണമെന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പര്യം.
നിലവില്‍ മട്ടന്നൂര്‍ എംഎല്‍എയാണ് ശൈലജ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ യുവ നേതാവ് റിജില്‍ മാക്കുറ്റി സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.