കാക്കനാട് മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകനായ പ്രതി എക്‌സൈസിന് മുന്നില്‍ കേണപേക്ഷിച്ചതിനു പിന്നാലെയെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതല്‍ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്‌സൈസിനോട് ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താന്‍ ആവശ്യപ്പെട്ട പ്രകാരം അപ്പാര്‍ട്ട്മെന്റില്‍ വന്നതാണെന്നുമാണ് ഇയാള്‍ എക്‌സൈസിനോട് പറയുന്നത്. കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസില്‍ കുടുക്കിയാല്‍ ഇവരുടെ കാര്യം കഷ്ടമാകുമെന്നും പ്രതി എക്‌സൈസിനോട് പറഞ്ഞു. പ്രതിയുടെ വാക്കുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിഞ്ഞു. ഇതോടെ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥന്‍ തീരുമാനിക്കുകയായിരുന്നു.