ഒറ്റദിവസം ഒരു ലക്ഷം യാത്രക്കാർ; റെക്കോർഡ് സൃഷ്ടിച്ച് കൊച്ചി മെട്രോ; ലാഭം
സർവീസ് ആരംഭിച്ചതിനു ശേഷം ഒരു ദിവസം ഇത്രയും പേർ യാത്ര ചെയ്യുന്നത് ആദ്യമായാണ്.
വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മെട്രോ റെക്കോഡ് കുതിപ്പ് തുടരുന്നു. മെട്രോയിലെ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു. സർവീസ് ആരംഭിച്ചതിനു ശേഷം ഒരു ദിവസം ഇത്രയും പേർ യാത്ര ചെയ്യുന്നത് ആദ്യമായാണ്. ഇതോടെ ദൈനംദിന പ്രവർത്തന ലാഭമെന്ന സുപ്രധാന നേട്ടം മെട്രോ സ്വന്തമാക്കി.
വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന ജനത്തിരക്കുള്ള മേഖലകളിലൂടെ മെട്രോ സർവീസ് ആരംഭിച്ചതും യാത്രക്കാർ വർധിക്കാൻ കാരണമായി. കൂടാതെ നഗത്തിലെ റോഡിന്റെ ശോചനീയാവസ്ഥയും ട്രാഫിക് ബ്ലോക്കുമെല്ലാം പൊതുജനങ്ങൾ മെട്രോ സർവീസിനെ ആശ്രയിക്കുന്നതിനിടയാക്കി. കൊച്ചിയിലെ ഓണത്തിരക്കിന്റെ ഒരു ഭാഗം വഹിച്ചതും മെട്രോയായിരുന്നു.
ഈമാസം 18വരെ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയെന്നതും 25 വരെ പാർക്കിങ് ഫീസ് ഒഴിവാക്കിയതും യാത്രക്കാരെ ആകർഷിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവയും മെട്രോ അധികൃതർ ഒരുക്കിയിട്ടുണ്ട്.