കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴുമണി മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക മാർദനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചിരിയ്ക്കുന്നത്. ട്രെയിനിനുള്ളിൽ സാമൂഹിക അകലം പാലിയ്ക്കുകയും മാസ്ക് നിർബന്ധമായി ധരിയ്ക്കുകയും വേണം.
തെർമൽ സ്ക്രീനിങ്ങിന് ശേഷമേ യാത്രക്കാരെ ട്രെയിനിൽ പ്രവേശിപ്പിയ്കു. രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്രയ്ക്ക് അനുവദിയ്ക്കില്ല. തൈക്കുടം പേട്ട മെട്രോ ലൈനിന്റെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിയ്ക്കും. വീഡിയോ കോൺഫറൻസിങിലൂടെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുയ്ക്കും തൈക്കുടം പേട്ട ലൈനിന്റെ ഉദ്ഘാടനം.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഇരുവരും ചേർന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യൂക. പേട്ടയിലേയ്ക്ക് സർവീസ് ആരംഭിയ്ക്കുന്നതോടെ കൊച്ചി മെട്രോയുടെ മൂന്നാംഘട്ടാമാണ് പൂർത്തിയാകുന്നത്. ഇതോടെ കൊച്ചി മെട്രോയുടെ ദൈർഘ്യം 22 സ്റ്റേഷനുകളുമായി 24.9 കിലോമീറ്ററായി.