കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി; കേരളത്തിൽ കൊലചെയ്യപ്പെടുന്നത് മുപ്പത്തിമൂന്നാമത്തെ എസ് എഫ് ഐ പ്രവര്‍ത്തകൻ
കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ് എഫ് ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്ണുത പൂണ്ട വിധ്വംസകശക്തികളാണ് ഈ ആക്രമണത്തിന് പിറകിലുള്ളത്.
കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുപ്പത്തിമൂന്നാമത്തെ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കേരളത്തില്‍ കൊല ചെയ്യപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജിൽ, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചു കയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്. എസ് എഫ് ഐയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരണമെന്നും കോടിയേരി പറഞ്ഞു.
രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു(20) ആണ് മരിച്ചത്. സുഹൃത്തുക്കളായ അർജുൻ, വിനീത് എന്നിവർക്ക് പരിക്കേറ്റു. ഇതില്‍ അര്‍ജുന്റെ(19) നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.
അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. അര്‍ജുൻ, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. കോളേജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അധ്യയന വർഷം തുടങ്ങുന്നതോടനുബന്ധിച്ച് പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.