പിണറായിക്കെതിരായ വധഭീഷണി: ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്ന് കോടിയേരി
കോണ്‍ഗ്രസും ബിജെപിയും ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്യണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്നാല്‍ അവര്‍ക്ക് വഴങ്ങാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയ മധ്യപ്രദേശിലെ ആർഎസ്എസ് നേതാവായ കുന്ദൻ ചന്ദ്രാവതിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ യുഎപിഎ ചുമത്തുന്നത് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് താന്‍ ഒരു കോടി രൂപ ഇനാം നൽകുമെന്നാണ് കുന്ദൻ ചന്ദ്രാവത് പ്രസ്താവിച്ചത്. തുടര്‍ന്ന് ആർഎസ്എസ് നേതൃത്വം ഇയാളെ സംഘടനയിൽനിന്നു പുറത്താക്കിയിരുന്നു.
കേരള ബജറ്റിന്റെ രഹസ്യസ്വഭാവം ചോർന്നിട്ടില്ല. സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മാത്രമായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. മാധ്യമങ്ങൾക്ക് നല്‍കാന്‍ തയാറാക്കിയ റിപ്പോർട്ടാണ്പുറത്ത്വന്നത്. സംഭവത്തിന്റെ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തിട്ടുണ്ട്. എന്തുതന്നെ ആയാലും ബജറ്റ് വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊടിയേരി പറഞ്ഞു.