Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതികാരം പലിശ സഹിതം നൽകാൻ കേരളത്തിന് കാലമൊരുക്കിയ അവസരമാണിത്; കമോൺ കേരള, ലെറ്റ്സ് ഫുട്ബോൾ!

കൊൽക്കത്തയോട് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സ്

പ്രതികാരം പലിശ സഹിതം നൽകാൻ കേരളത്തിന് കാലമൊരുക്കിയ അവസരമാണിത്; കമോൺ കേരള, ലെറ്റ്സ് ഫുട്ബോൾ!
, വ്യാഴം, 15 ഡിസം‌ബര്‍ 2016 (12:13 IST)
ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും അനിശ്ചിതത്വവും അരങ്ങേറിയ രണ്ടാം പാദ സെമിയില്‍ ടൈ ബ്രേക്കറില്‍ ഡല്‍ഹിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നു. 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. ഗോള്‍ എന്നുറച്ച പത്തിലേറെ മുന്നേറ്റങ്ങള്‍. 10 പേരുമായി കേരളത്തെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു ഡല്‍ഹി. ഭാഗ്യത്തിന്റെ ആനുകൂല്യം ഒന്നുകൊണ്ടുമാത്രമായിരുന്നു ഗോള്‍ വഴങ്ങാതെ കേരളം രക്ഷപ്പെട്ടത്. 
 
കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സിന് ഒരു പഴയ കണക്ക് തീർക്കാനുണ്ട്. ഐ എസ് എല്ലിന്റെ അരങ്ങേറ്റ സീസണിന്റെ ഫൈനല്‍ ദിനത്തില്‍ മഞ്ഞപ്പടയെ കണ്ണീരണിയിച്ച കൊല്‍ക്കത്തയെ കേരളം അത്ര പെട്ടെന്നൊന്നും മറക്കില്ല. 2014ൽ വിജയം കൊൽക്കത്തയുടെ കൂടെയായിരുന്നു. കൊൽക്കത്തയോട് പ്രതികാരം തീർക്കാൻ കാലം ബ്ലാസ്റ്റേഴ്സിന് നൽകിയ അവസരമാണ് ഫൈനൽ.
 
അവസാന നിമിഷം നേടിയ ഏകഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഐ എസ് എല്‍ ഫുട്ബോള്‍ ഫൈനലില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത അന്ന് വിജയം നേടിയത്. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖ് ആയിരുന്നു കേരളത്തിന്റ ഹൃദയം തകർത്ത ഗോൾ സ്വന്തമാക്കിയത്. അതേ മുഹമ്മദ് റഫീഖ് തന്നെയാണ് ഇന്നലത്തെ സെമിയിലെ ഷൂട്ട്ഔട്ടില്‍ കേരളത്തിനായി വിജയ ഷോട്ട് ഉതിര്‍ത്തത്. 
 
അടിക്കാനും ചെറുക്കാനും കളി മെനയാനും അവര്‍ എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍നിന്നു. ചെറു പാസുകളിലൂടെ കളി മെനഞ്ഞ മഞ്ഞക്കുപ്പായക്കാര്‍ക്ക് പക്ഷെ, ഗോളിനു മുന്നില്‍ പൊട്ടിത്തെറിക്കാനായില്ല. കളിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ കേരളത്തിന് തുടക്കം മുതലേ സാധിച്ചില്ല. മികച്ച വിജയം. അതു മാത്രമായിരിക്കും സ്റ്റീവ് കോപ്പലിന്റെ കുട്ടികള്‍ കൊച്ചിയില്‍ ലക്ഷ്യം വെയ്ക്കുന്നത്. 
 
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളാണ് കൊച്ചിയുടെ മണ്ണിൽ ഫൈനൽ കളിക്കാനിറങ്ങുക. എല്ലാ കണ്ണുകളും ഇനി കൊച്ചിയിലേക്കാണ്. ലക്ഷ്യം ഫൈനല്‍ വിജയം മാത്രം. ക്രിക്കറ്റ് ദൈവമായ സച്ചിന്‍ കൂടി ഒപ്പമുള്ളപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മിന്നുന്ന വിജയം തന്നെയായിരിക്കും നേടുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാവരും ഒരേ സ്വരത്തിലാണ് പറയുന്നത്, കമോൺ കേരള ലെറ്റ്സ് ഫുട്ബോൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ-സംസ്ഥാന പാതകളിലെ എല്ലാ മദ്യശാലകളും ഏപ്രിൽ ഒന്നിനകം അടച്ചുപൂട്ടണം: സുപ്രീം കോടതി