കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും.
ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ ഡിജിറ്റല്‍ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.