Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; ഗൗരി പറഞ്ഞത്

'ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; ഗൗരി പറഞ്ഞത്
, ചൊവ്വ, 11 മെയ് 2021 (09:22 IST)
ജയില്‍ ഗൗരിയമ്മയ്ക്ക് പുത്തരിയല്ലായിരുന്നു. എണ്ണിയാലൊടുങ്ങാത്ത സമര പരമ്പരകളുടെ മുന്നില്‍ പൊലീസിനെ മുട്ടുകുത്തിക്കാന്‍ ഈ പെണ്‍ക്കരുത്ത് എന്നുമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ വലിയ വെല്ലുവിളികള്‍ നിറഞ്ഞ കാലമായിരുന്നു അത്. കേരള രാഷ്ട്രീയത്തെ ആണ്‍കോയ്മ അടക്കിവാണിരുന്ന കാലം. അവിടെയാണ് കെ.ആര്‍.ഗൗരിയെന്ന വിപ്ലവവീര്യം ഉദിച്ചുയരുന്നത്. 
 
1948 ലെ കൊല്‍ക്കത്ത തീസിസിനുശേഷമാണ് കെ.ആര്‍.ഗൗരിയമ്മ അറസ്റ്റിലാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്ത് പ്രമുഖ നേതാക്കളെല്ലാം ഒളിവില്‍ പോയിരുന്നു. ഗൗരിയമ്മ ഒളിവില്‍ പോകേണ്ടെന്നായിരുന്നു അന്ന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. പിന്നീട് ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട സമരത്തിനു ശേഷമാണ് ഗൗരിയമ്മ അറസ്റ്റിലാകുന്നത്. 
 
ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്കാണ് അന്ന് ഗൗരിയമ്മയെ കൊണ്ടുപോയത്. സ്റ്റേഷനില്‍ രണ്ട് ലോക്കപ്പ് മുറികളാണ് ഉണ്ടായിരുന്നത്. ഗൗരിയമ്മയെ അവിടെ കൊണ്ടുചെയ്യുമ്പോള്‍ 25 ല്‍ പരം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. ഒരു ജയില്‍ മുറി ഒഴിപ്പിച്ച് അതില്‍ ഗൗരിയമ്മയെ പാര്‍പ്പിച്ചു. അന്ന് ചേര്‍ത്തലയിലെ സ്റ്റേഷനില്‍ വനിത പൊലീസ് ഉണ്ടായിരുന്നില്ല. മൂത്രത്തിന്റെ ഗന്ധം തുളച്ചുകയറുന്ന ലോക്കപ്പ് മുറികളായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്. പിന്നീടങ്ങോട്ട് എല്ലാ സമരങ്ങളുടെയും മുന്നണി പോരാളിയായി ഗൗരിയമ്മ ഉണ്ടായിരുന്നു. നിരവധി തവണ ജയില്‍വാസം അനുഭവിച്ചു.
 
നിരോധനാജ്ഞ കാലത്ത് ഗൗരിയമ്മ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. അന്നത്തെ പൊലീസ് രാജിനെ കുറിച്ച് പിന്നീട് ഗൗരിയമ്മ പറഞ്ഞത് ഇങ്ങനെയാണ്; 'ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'

കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തയായ വനിത കെ.ആര്‍.ഗൗരിയമ്മ  (102) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്നു. 

1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളില്‍ അംഗമായിരുന്നു. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായി. ഇഎംഎസ് മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ പിന്നില്‍ ഗൗരിയമ്മയുടെ സ്വാധീനമുണ്ടായിരുന്നു. അഞ്ചാം നിയമസഭ ഒഴികെ ഒന്നു മുതല്‍ പതിനൊന്ന് വരെ എല്ലാ കേരള നിയമസഭകളിലും അംഗമായി. അഞ്ച് തവണ മന്ത്രിയായി. 1957, 1967, 1980, 1987 വര്‍ഷങ്ങളിലെ കമ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001 ലെ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. 

1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി. 2011 ല്‍ അരൂരില്‍ നിന്നു മത്സരിച്ചു തോറ്റു. 

കളത്തിപ്പറമ്പില്‍ കെ.എ.രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14 ന് കെ.ആര്‍.ഗൗരി ജനിച്ചു. ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനാഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ മൂത്ത സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യസുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ.നായനാരുടെ നേൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായി. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. 

1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പും അഭിപ്രായ വ്യത്യാസങ്ങളും പിന്നീട് ഇരുവരുടെയും വിവാഹമോചനത്തിനും കാരണമായി. 

സിപിഎമ്മുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും 1994 ല്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നു പുറത്താകുകയും ചെയ്തു. പിന്നീട് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. പിന്നീട് യുഡിഎഫിനൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ രാഷ്ട്രീയം പറഞ്ഞു. 2001 ലെ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായി. പിന്നീട് ജെഎസ്എസിനുണ്ടായ തുടര്‍ച്ചയായ തോല്‍വികള്‍ തിരിച്ചടിയായി. വീണ്ടും ഇടതുപക്ഷത്തേയ്ക്ക് തിരിച്ചെത്തി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും'; തൊട്ടടുത്തെത്തിയ മുഖ്യമന്ത്രിപദം, ഒടുവില്‍ തീരാനഷ്ടം