ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്
കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സർക്കാർ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിർത്തിവച്ചതിലും പെൻഷനും ശമ്പളവും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണു സമരം. സിഐടിയു ഒഴികെയുള്ള നാലു തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. എന്നാല്‍ ഈ സമരം ശബരിമല സർവീസുകളെ ബാധിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.
ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തോടൊപ്പം നൽകാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ കുടിശിക നൽകേണ്ടെന്ന കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനമാണ് തൊഴിലാളികളെ പണിമുടക്ക് നടത്താന്‍ പ്രകോപിപ്പിച്ചത്.
അതേസമയം, സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി ഇന്നു രാവിലെ മാനേജ്മെന്റിന്റെയും സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ശമ്പളമോ ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കില്ലെന്നും ക്ഷാമബത്ത ഉടൻ നൽകാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സർവീസ് മുടക്കിയുള്ള ഈ സമരം കെഎസ്ആർടിസിക്കു താങ്ങാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി