Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെര്‍മിറ്റിനുള്ള അപേക്ഷ തമിഴ്‌നാട് ഗതാഗത സെക്രട്ടറിയുടെ ടേബിളില്‍; കെഎസ്ആര്‍ടിസി അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

കെഎസ്ആര്‍ടിസി ചെന്നൈ അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

പെര്‍മിറ്റിനുള്ള അപേക്ഷ തമിഴ്‌നാട് ഗതാഗത സെക്രട്ടറിയുടെ ടേബിളില്‍; കെഎസ്ആര്‍ടിസി അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ
തിരുവനന്തപുരം , ചൊവ്വ, 26 ജൂലൈ 2016 (13:37 IST)
കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തണമെന്ന ചെന്നൈ മലയാളികളുടെ ആവശ്യം നിറവേറാന്‍ ഇനിയും കടമ്പകളേറെ. കെഎസ്ആര്‍ടിസി ചെന്നൈ സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും അതിനുള്ള പെര്‍മിറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. കേരളത്തിന് പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തമിഴ്‌നാട് ഗതാഗത സെക്രട്ടറിയുടെ ടേബിളില്‍ ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണ്. 
 
നിലവില്‍ കേരളത്തിന് ചെന്നൈ പെര്‍മിറ്റ് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് കോട്ടയം- കുമളി വഴി തമിഴ്‌നാട്ടിലേക്കുള്ള റൂട്ട് ആകാനാണ് സാധ്യത. കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള 15 മണിക്കൂര്‍ യാത്രയില്‍ വെറും  മൂന്നര മണിക്കൂര്‍ മാത്രമാണ് ഈ റൂട്ടിലൂടെയുള്ള സര്‍വ്വീസില്‍ സംസ്ഥാനത്തിലുടെ ബസ് യാത്ര ചെയ്യുക. കുമളി- തേനി കഴിഞ്ഞ് കേരള അതിര്‍ത്തി പിന്നിടുന്നതോടെ ബസിന് യാത്രക്കാരെ ലഭിക്കാനുള്ള സാധ്യതയും കുറവ്. ഇങ്ങനെയൊരു റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കുന്നത് കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് നഷ്ടക്കണക്ക് കൂട്ടുകയും സംസ്ഥാനത്തെ ചെന്നൈ യാത്രികരെ സംബന്ധിച്ച് യാതൊരു പ്രയോജനവും ഉണ്ടാവുകയുമില്ല. 
 
പഠനത്തിനും ജോലിയ്ക്കുമായി ലക്ഷക്കണക്കിന് മലയാളികളാണ് ചെന്നൈയില്‍ താമസിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രയോജനപ്പെടണമെങ്കില്‍ തിരുവനന്തപുരം- എറണാകുളം വഴി ചെന്നൈയിലേക്കോ, എറണാകുളം- പാലക്കാട് വഴി ചെന്നൈയിലേക്കോ, അല്ലെങ്കില്‍ മലബാറില്‍ നിന്നും ചെന്നൈയിലേക്കോ പെര്‍മിറ്റ് ലഭിക്കണം. എന്നാല്‍ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സര്‍വ്വീസുകളെയും സ്വകാര്യ ലോബികളെയും ബാധിക്കുമെന്നതിനാല്‍ കേരളത്തിന് പെര്‍മിറ്റ് നല്‍കുന്നത് തമിഴ്‌നാട് വൈകിപ്പിക്കുകയാണ്. 
 
കേരളത്തിന് പെര്‍മിറ്റ് ലഭിച്ചില്ലെങ്കിലും തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ചെന്നൈ സര്‍വ്വീസ് നിലവിലുണ്ട്. അന്തര്‍സംസ്ഥാന കരാര്‍ അനുസരിച്ച് ചെന്നൈ സര്‍വിസ് നടത്താമെങ്കിലും ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് തെരഞ്ഞെടുത്തിരുന്നില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. തിരുവനന്തപുരത്തുനിന്ന് മാത്രം പ്രതിദിനം  23 സ്വകാര്യ ബസാണ് ചെന്നൈക്ക് സര്‍വിസ് നടത്തുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍നിന്നായി 70ല്‍ പരം ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. 
 
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍  തിരുവനന്തപുരത്തുനിന്ന് ചെന്നൈക്ക് ഏഴും മറ്റിടങ്ങളില്‍നിന്ന് ഒന്നുവീതവും ആകെ 11സര്‍വിസും നടത്തുന്നുണ്ട്. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി മാത്രം നഷ്ട കണക്ക് നിരത്തുന്നത്. തമിഴ്‌നാട് സര്‍വിസിന് പ്രതിദിനം 30,000 രൂപവരെയാണ് വരുമാനം. തിരുവനന്തപുരത്തുനിന്ന് മധുര വഴിയും മറ്റിടങ്ങളില്‍നിന്ന് കോയമ്പത്തൂര്‍, സേലം വഴിയുമാണ് സര്‍വിസ്. എല്ലാ സര്‍വിസും ലാഭത്തിലുമാണ്. പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
 
പാലക്കാട്- കൃഷ്ണഗിരി ഹബ്ബ് വഴി വെല്ലൂര്‍- കാഞ്ചിപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തിയാല്‍ അത് കെഎസ്ആര്‍ടിസിയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുമെന്ന് ചെന്നൈ വാസികളായ മലയാളികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ പ്രധാന കോളജുകളും വ്യവസായങ്ങളും ഇവിടങ്ങളിലായതിനാല്‍ നിരവധി മലയാളികളാണ് ദിനംപ്രതി ഈ റൂട്ടിലേക്ക് യാത്ര ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ശരീരഭാഷ പിണറായി ചന്തയിലെ ഗുണ്ടയുടേതു പോലെ; കെ സുധാകരൻ