Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎമ്മിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആര്‍എസ്എസിനില്ല, റിപ്പബ്ലിക് ദിനത്തില്‍ സൈന്യത്തിനൊപ്പം ആര്‍എസ്എസ് മാര്‍ച്ച് ചെയ്തിട്ടുണ്ട്: കുമ്മനം

അതിര്‍ത്തികളില്‍ സൈന്യത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തിച്ചിട്ടുണ്ട്, പിണറായിക്കറിയാമോ അക്കാര്യം? - കുമ്മനം ചോദിക്കുന്നു

കുമ്മനം രാജശേഖരൻ
, ചൊവ്വ, 13 ഫെബ്രുവരി 2018 (10:28 IST)
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ച സിപിഎം നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്യം നേരിട്ട എല്ലാ വിഷമസന്ധികളിലും രാജ്യത്തിനു കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ്. രാജ്യം അഭിമുഖീകരിച്ച നാലു യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണമെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
 
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ മുസാഫ് പൂര്‍ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കി അതിന്‍മേല്‍ ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയ കുബുദ്ധി എന്നതിനപ്പുറം ഒന്നുമല്ല. ‘രാജ്യത്തിന് അടിയന്തിര ആവശ്യമുണ്ടായാല്‍, ഭരണഘടന അനുവദിച്ചാല്‍ ജനങ്ങളെ യുദ്ധ സന്നദ്ധരാക്കാന്‍ സൈന്യത്തിന് 6 മാസമെങ്കിലും എടുക്കും, അതേ സമയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തയ്യാറാകാന്‍ 3 ദിവസം മാത്രമേ ആവശ്യമായി വരികയുള്ളൂ. കാരണം സംഘ സ്വയംസേവകര്‍ നിത്യേന പരിശീലനം നടത്തുന്നവരാണ്.’ ഇതാണ് മോഹന്‍ജി പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ഇതില്‍ എവിടെയാണ് സൈന്യത്തെ അവഹേളിക്കുന്ന ഭാഗമുള്ളതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. ഈ വാക്കുകളെയാണ് 3 ദിവസം കൊണ്ട് ആര്‍എസ്എസിന് സൈന്യം ഉണ്ടാക്കാന്‍ സാധിക്കും എന്ന് വളച്ചൊടിച്ചത്. കുപ്രസിദ്ധമായ ഒരു ഇടത് പക്ഷ വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടു പിടിച്ചാണ് ഇപ്പോള്‍ വിവാദങ്ങള്‍ അരങ്ങേറുന്നത്. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണ്.
 
കിട്ടിയ അവസരം മുതലാക്കി പിണറായി വിജയനും സിപിഎം നേതാക്കളും സൈന്യത്തിന് വേണ്ടി വാദിക്കുകയാണ്. ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടിയാണങ്കിലും ഇന്ത്യന്‍ സൈന്യത്തെ അനുകൂലിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ സൈന്യം അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്ത് രസിക്കുന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ഈ അവസരത്തിലെങ്കിലും ഉപേക്ഷിച്ചോ എന്ന് അറിയാന്‍ താത്പര്യമുണ്ട്. ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച,ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് അച്ചാരം വാങ്ങിയ, ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച, സായുധ വിപ്ലവത്തിലൂടെ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ചരിത്രമുള്ളവരാണ് സിപിഎമ്മുകാര്‍. ആ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആര്‍എസ്എസിനും ബിജെപിക്കുമില്ല.
 
എല്ലാ വിഷമസന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ്. രാജ്യം അഭിമുഖീകരിച്ച 4 യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം. ഇന്ത്യാ- ചൈന യുദ്ധ സമയത്ത് ദില്ലിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആര്‍എസ്എസിനെ നിയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നെന്ന കാര്യം സിപിഎം നേതാക്കള്‍ക്ക് അറിവില്ലാത്തതല്ല, അത് മനപ്പൂര്‍വ്വം വിസ്മരിക്കുന്നതാണ്. ഇതിന്റെ പ്രത്യുപകാരം എന്ന നിലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ?. അതിര്‍ത്തികളില്‍ സൈന്യത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് രക്തം ദാനം ചെയ്ത സഖാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ കൂലങ്കഷമായ ചര്‍ച്ച നടത്തുകയായിരുന്നു സഖാവേ. അത് കൊണ്ട് ആര്‍എസ്എസിനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരാതെ സ്വന്തം പാര്‍ട്ടി സെക്രട്ടറിയോട് അദ്ദേഹത്തിന്റെ ജന്മനാട് ചൈനയല്ല ഇന്ത്യയാണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുരീപ്പുഴയെ വെറുതെ വിടാൻ ഉദ്ദേശമില്ല; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കുമ്മനം