By Election Result 2025: കാറ്റ് ഇടത്തോട്ട് തന്നെ; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം, കോണ്‍ഗ്രസ് സീറ്റും പിടിച്ചെടുത്തു
28 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 15 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു
LDF, UDF By Election Result 2025: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. പിന്നീടുള്ള 28 സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു. ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് സീറ്റുകളടക്കം പിടിച്ചെടുത്ത് എല്‍ഡിഎഫ് നേട്ടം കൊയ്തു.
28 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 15 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. എതിരില്ലാതെ ജയിച്ച രണ്ട് സീറ്റുകള്‍ അടക്കം എല്‍ഡിഎഫിന്റെ നേട്ടം 17 ആയി. യുഡിഎഫ് ജയിച്ചത് 12 സീറ്റുകളില്‍. ഒരിടത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കു ജയം. ബിജെപിക്ക് പൂജ്യം.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ സിപിഐയിലെ മഞ്ജു സാം വിജയിച്ചു. 93 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയ്ദ് സബര്‍മതിയാണ് വിജയിച്ചത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ഹരികുമാര്‍ വിജയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വത്സമ്മ തോമസിനാണ് ജയം.