A M Ariff, K Radhakrishnan
ലോകസഭാ തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. 2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമായിരുന്നു എല്‍ഡിഎഫിന് നേടാനായിരുന്നതെങ്കിലും മോദി ഫാക്ടര്‍നെതിരെ ലോകസഭയില്‍ ബിജെപിയുടെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന വികാരം ആ തിരെഞ്ഞെടുപ്പില്‍ അലയടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന ലേബലിലായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടില്‍ നിന്നും മത്സരിച്ചത്.
അതിനാല്‍ തന്നെ ഇത്തവണത്തെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലമെച്ചപ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. ലോകസഭാ മണ്ഡലങ്ങളില്‍ പതിനൊന്നോളം സീറ്റുകളാണ് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസ് തരംഗമുണ്ടാവുകയാണെങ്കിലും 6-7 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനം വരുമ്പൊള്‍ ബിജെപി പോലും ഒരു സീറ്റ് നേടിയപ്പോള്‍ ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ വിജയിച്ച ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സി വേണു ഗോപാലാണ് ലീഡ് ചെയ്യുന്നത്.
ആലത്തൂരില്‍ രമ്യാ ഹരിദാസിനെ പിന്നിലാക്കി കെ രാധാകൃഷ്ണനാണ് എല്‍ഡിഎഫിന്റെ ഇത്തവണത്തെ ഏക സീറ്റ് സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിരിക്കുന്നത്. എം വി ജയരാജന്‍,സി രവീന്ദ്രനാഥ്, എം മുകേഷ്,എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍,എ വിജയരാഘവന്‍,കെ കെ ശൈലജ, വി എസ് സുനില്‍കുമാര്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാവരും മത്സരിച്ചെങ്കിലും തിരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇവര്‍ക്കാര്‍ക്കുമായില്ല.