Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു: പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്

Lok Sabha election 2024

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 മാര്‍ച്ച് 2024 (15:14 IST)
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര-സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുത്. പ്രചാരണ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സ്ഥാനം ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണ്. പാര്‍ട്ടിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള രാഷ്ട്രീയ വാര്‍ത്തകള്‍, നേട്ടങ്ങള്‍ സംബന്ധിച്ച പ്രചാരണം, പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങള്‍, ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവ പെരുമാറ്റ ചട്ടലംഘന പരിധിയില്‍ വരും.
 
ജീവിച്ചിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതും അവരുടെ ഫോട്ടോ, പേര്, പാര്‍ട്ടി ചിഹ്നമുള്ള എല്ലാ ഹോര്‍ഡിങ്‌സും പരസ്യങ്ങളും നീക്കം ചെയ്യുകയോ മറച്ചു വെയ്ക്കുകയോ ചെയ്യണം. എന്നാല്‍ കുടുംബാസൂത്രണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച പൊതുവിവരങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള പൊതുവായ സന്ദേശങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച ഹോര്‍ഡിങ്‌സ്, പരസ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാം.
 
സ്വയം പ്രകീര്‍ത്തിക്കുന്നതിനോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനോ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിക്കരുത്. പൊതു ചെലവില്‍ നിന്നും വ്യക്തിഗത/പാര്‍ട്ടി പ്രചാരണം നടത്തുന്നത് ചട്ടലംഘനത്തിന് തുല്യമായി കണക്കാക്കും. ഹോര്‍ഡിങ്‌സുകള്‍, പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാപിച്ചതാണെങ്കിലും അവ പ്രദര്‍ശിപ്പിക്കരുത്. സര്‍ക്കാരിന്റെയോ ഭരണകക്ഷിയുടേയോ നേട്ടങ്ങള്‍ പരാമര്‍ശിച്ച് മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പത്രകുറിപ്പുകള്‍ എന്നിവ നല്‍കുന്നതും മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ സര്‍ക്കാരിന്റെയോ ഭരണകക്ഷികളുടെയോ ചിത്രങ്ങള്‍/ മറ്റ് വിവരങ്ങള്‍ നീക്കം ചെയ്യുകയോ മറച്ചുവെയ്ക്കുകയോ ചെയ്യണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവിനെയും രണ്ടു പെൺ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി