ഈ ഫോട്ടോയില്‍ കാണുന്ന ആളെ കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കുക; സിദ്ധിഖിനെതിരെ ലുക്കൗട്ട് നോട്ടീസ്
അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിദ്ധിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്
യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ സിദ്ധിഖിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് മുഖ്യധാരാ പത്രങ്ങളില്‍ അടക്കം വന്നിരിക്കുന്നത്. സിദ്ധിഖിന്റെ ഫോട്ടോ സഹിതമാണ് ലുക്കൗട്ട് നോട്ടീസ്.
മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 1192/2024, U/S 376, 506 IPC എന്നീ കേസുകളിലെ പ്രതിയായ സിദ്ധിഖ് നിലവില്‍ ഒളിവിലാണെന്നും ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരുവനന്തപുരം സിറ്റി കമ്മിഷണര്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി, തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിപി, മ്യൂസിയം പൊലീസ് എന്നിവരില്‍ ആരെയെങ്കിലും വിവരം അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിദ്ധിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. താന്‍ 65 വയസ് കഴിഞ്ഞ സീനിയര്‍ സിറ്റിസണ്‍ ആണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ധിഖ് സുപ്രീം കോടതിയില്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.