പ്രണയനൈരാശ്യത്തെ തുടർന്ന് പരസ്യമായി കാമുകന് നേരെ കത്തി വീശി യുവതി. ഇന്നലെ വൈകിട്ട് സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. പെൺകുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 3 വർഷമായി ഇഷ്ടത്തിലായിരുന്നു പെൺകുട്ടിയും യുവാവും. അടുത്തിടെയാണ് യുവാവിന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് അറിയുന്നത്. ഇതേതുടർന്ന് പെൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു യുവാവ്.
ഇന്നലെ കൂട്ടുകാരുമൊത്ത് ബസ്റ്റാൻഡിൽ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിർത്തി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടി ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശി യുവവൈനെ ഭീഷണിപ്പെടുത്തിയത്. തിരക്കുള്ള സമയമായതിനാൽ ഒട്ടേറെപ്പേർ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ പിങ്ക് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയെടുക്കുകയായിരുന്നു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങും നൽകി.