Kerala Weather: മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദം; തീവ്രത കുറയും
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിനു സാധ്യത
Kerala Weather: സംസ്ഥാനത്തെ മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദം. ഛത്തീസ്ഗഢിനു മുകളില്‍ തുടരുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ദുര്‍ബലമാകും. ഇതോടെ കേരളത്തിലും മഴ കുറയും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിനു സാധ്യത. ഉത്രാടം, തിരുവോണം ദിനങ്ങളില്‍ ഇത്തവണ മഴ ലഭിച്ചേക്കും. വടക്കന്‍ ജില്ലകളില്‍ തന്നെയാകും മഴ കൂടുതല്‍ ലഭിക്കുക.
കാസര്‍ഗോഡ് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, ദേശീയപാത നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചര്‍ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹെവി വാഹനങ്ങളും ആംബുലന്‍സ്, ഫയര്‍ ട്രക്കുകള്‍ പോലുള്ള അടിയന്തര വാഹനങ്ങളും മാത്രമേ ഇതുവഴി കടന്നു പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഐഎഎസ് അറിയിച്ചിട്ടുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്ക്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.