‘ഓണം വരാനൊരു മൂലം വേണം’എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ് തനിക്ക് മന്ത്രി സ്ഥാനം ലഭിച്ചത്: എം എം മണി
പുതിയ ആകാശം, പുതിയ ഭൂമി: സന്തോഷമെന്ന് നിയുക്തമന്ത്രി
പിണറായി വിജയൻ മന്ത്രിസഭയിലേക്ക് തന്നെ പരിഗണിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നിയുക്തമന്ത്രി എം എം മണി. പാർട്ടിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. വകുപ്പ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഏതു വകുപ്പ് നൽകിയാലും കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസ്യതയും നിലനിർത്താൻ താന്‍ ശ്രമിക്കുമെന്നും മണി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി ആയതുകൊണ്ടു മാത്രമാണ് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രവർത്തകനായ തനിക്ക് മന്ത്രി സ്ഥാനം നൽകിയത്. ഇടുക്കി ഹൈറേഞ്ചിലെ വളരെ സാധാരണ തൊഴിലാളി കുടുംബത്തിൽപ്പെട്ട തനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ നേട്ടമാണ് ഈ മന്ത്രിസ്ഥാനം. ‘‘ഓണം വരാനൊരു മൂലം വേണം’’ എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ് ഈ സ്ഥാനം തനിക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരുകാരണവശാലും സ്വതസിദ്ധമായ തന്റെ ശൈലിയിൽ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഒരോ നേതാക്കൾക്കും അവരുടേതായ ഒരു ശൈലിയുണ്ട്. ആ ശൈലിയാവട്ടെ ജനങ്ങളാൽ അംഗീകരിക്കപ്പെട്ടതുമാണ്. പിന്നെ എങ്ങനെയാണ് മന്ത്രിയാകുമ്പോള്‍ തന്റെ ശൈലി മാറ്റിയെടുക്കുയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.
അതേസമയം, സി.പി.ഐ മന്ത്രിമാരെ വിമർശിച്ചത് ഓർമ്മയില്ലെന്നാണ് മണി പറഞ്ഞത്. എൽ ഡി എഫ് മുന്നണിയെന്ന ബഹുമാനത്തോടെ മാത്രമേ സി.പി.ഐയെ താന്‍ കണ്ടിട്ടുള്ളൂ. പുതിയ ആകാശം,പുതിയ ഭൂമി.. പുതിയ സാഹചര്യങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നോട്ടുപോകാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും
നിയുക്തമന്ത്രി കൂട്ടിച്ചേര്‍ത്തു.