Exclusive: സ്വരാജ് ജയിച്ചാല്‍ മന്ത്രിസഭ പുനഃസംഘടന; നിലമ്പൂരിനു മന്ത്രിസ്ഥാനം ഉറപ്പ്
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം.സ്വരാജ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്
M Swaraj and Pinarayi Vijayan
Exclusive: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാകുമെന്ന് ഉറപ്പ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഇടതുമുന്നണിയില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യ പ്രകാരം കൂടിയാണ് മന്ത്രിസഭ പുനഃസംഘടനയ്ക്കു കളമൊരുങ്ങുന്നത്.
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം.സ്വരാജ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. സീനിയോറിറ്റി കൂടി പരിഗണിക്കുമ്പോള്‍ സ്വരാജ് മന്ത്രിസ്ഥാനത്തിനു അര്‍ഹനാണ്. നിലമ്പൂരില്‍ സ്വരാജ് ജയിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് ലഭിക്കും. നിലവില്‍ മന്ത്രിയായിരിക്കുന്ന ഒരാള്‍ ആ സ്ഥാനത്തുനിന്ന് മാറേണ്ടിവരും. സിപിഎം, സിപിഐ എന്നിവര്‍ക്കു പുറമേയുള്ള ഒരു ഘടകകക്ഷിയുടെ മന്ത്രിസ്ഥാനമായിരിക്കും നഷ്ടമാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള സിപിഎം തീരുമാനത്തിനു പിന്നില്‍ പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ തന്നെയാണ്. യുഡിഎഫിനെതിരെയും നിലമ്പൂരിലെ ജനങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ചു എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി.അന്‍വറിനെതിരെയും ആയിരിക്കണം ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടമെന്ന് സിപിഎം സംസ്ഥാന നേതൃത്വവും ഐക്യകണ്‌ഠേന തീരുമാനിച്ചതിന്റെ ഫലമാണ് സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം. സ്വരാജ് മന്ത്രിസഭയിലേക്ക് എത്തിയാല്‍ സര്‍ക്കാരിന്റെ ഇമേജ് വര്‍ധിപ്പിക്കാനും അതുവഴി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനും സാധിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് സ്വരാജ്.