Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്' - മധുവിന്റെ മരണത്തിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി

എന്തിനായിരുന്നു അത്? പൊട്ടിക്കരഞ്ഞ് നടി ശിവാനി

'നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്' - മധുവിന്റെ മരണത്തിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി
, ശനി, 24 ഫെബ്രുവരി 2018 (14:26 IST)
അട്ടപ്പാടയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മലയാളി നടി ശിവാനിയും രംഗത്തെത്തിയിരിക്കുകയാണ്. 
 
സമൂഹമാധ്യമത്തിൽ ലൈവിലെത്തിയ നടി വിഷയം സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുകയും ചെയ്തു. ആളുകള്‍ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇറങ്ങുന്നത് ശരിയല്ലെന്ന് ശിവാനി പറയുന്നു. മധു കുറ്റക്കാരനായിരുന്നെങ്കില്‍ അവനെ ശിക്ഷിക്കാന്‍ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരന്‍ അല്ല. കുറ്റാരോപിതന്‍ മാത്രമാണെന്ന് താരം വ്യക്തമാക്കുന്നു.
 
ശിവാനിയുടെ വാക്കുകൾ: 
 
'ഒരു സഹജീവിയെ ഉപദ്രവിക്കാന്‍ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനല്‍. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും. നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. സെല്‍ഫിയെടുക്കാനും, വിഡിയോ ചാറ്റും വാട്‌സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോണ്‍ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫെയ്‌സ്ബുക്കിലിടുക, ഫെയ്മസാകുക. ഇതിനകത്ത് രാഷ്ട്രീയമില്ല'.
 
കൂടെയുള്ളവരെ നമുക്കെങ്ങനെ ഉപദ്രവിക്കാന്‍ പറ്റുന്നേ? ഒരു കള്ളനെ പിടിച്ചാല്‍ തന്നെ അയാളെ വഴക്കുപറ.. അത്ര സഹികെട്ടാല്‍ ഒരു തല്ല് കൊടുക്കാം. പക്ഷെ ഇങ്ങനെ മരിക്കും വരെ തല്ലരുത്. ഒരു മനുഷ്യന് ജീവിതം കുറച്ചേയുള്ളൂ. ഈ കുറച്ച് വര്‍ഷം നല്ല രീതിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ? പണവും സൗന്ദര്യമൊക്കെ ഇല്ലാതാകാന്‍ ഒരു അസുഖം വന്നാല്‍ മതി.
 
പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു സീരിയല്‍ അഭിനയിക്കാന്‍ പോയി. അന്ന് നിറക്കുറവുണ്ടായിരുന്നു. നിറക്കുറവിന്റെ പേരില്‍ എന്നെ കളിയാക്കിയിട്ടുണ്ട്. മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുമ്പോഴായിരുന്നു അത്. എങ്ങനെയാണ് ഈ കുട്ടി ഞങ്ങളുടെ മോളായി അഭിനയിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഓരോരുത്തരുടെ മെന്റാലിറ്റി. നിറം, പണം, ജാതി. സിനിമ നടിയാവണമെങ്കില്‍ നല്ല നിറം വേണമായിരുന്നു. നല്ല തൂവെള്ള നിറം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്. നിറം വെക്കാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷെ നടിയാവാന്‍ നിറം വേണമെന്നില്ല.
 
സദാചാരക്കാരെ നമുക്ക് ആവശ്യമില്ല.. നിയമം കൈയിലെടുക്കാൻ നമുക്ക് അവകാശമില്ല.. അതിന് ശ്രമിക്കുന്നവരെ അതിന് അനുവദിക്കരുത് .. തെറ്റ് ചെയ്യുന്നവരെ ഈ സമൂഹത്തിൽ ഒറ്റപ്പെടുത്തുക' - ശിവാനി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുവിനെ അടിച്ച് കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണ കാരണം ആന്തരികരക്തസ്രാവം