ഭയാനകമായ മൗനം തളം കെട്ടി നിൽക്കുന്ന നെഹ്റു കോളേജ്, ഇന്ന് അതെന്റെ ഉറക്കം കെടുത്തുന്നു; അനുഭവം പങ്കുവെച്ച് മാലാ പാർവതി
താടിവച്ചാൽ കയറ്റാത്ത ആ കൊളേജ്; മാലാ പാർവതി പറയുന്നു
പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങൾക്ക് ഇപ്പോഴും കുറവില്ല. ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സ്വകാര്യ പ്രൊഫഷനൽ കൊളേജുകളിൽ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. നടി മാലാ പാർവതിയും വെളിപ്പെടുത്തുന്നത് അത്തരമൊരു ഞെട്ടിക്കുന്ന കാര്യമാണ്. അതും വിവാദമായ നെഹ്റു കൊളേജില്‍ നടന്ന സംഭവം.
മാലാ പാർവതിയുടെ വാക്കുകളിലൂടെ:
രാജേഷ് നായർ സംവിധാനം ചെയ്ത സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പാലക്കാട് ലക്കിടിക്കുത്തുള്ള നെഹ്റു കോളേജ് ഓഫ് എഞ്ചിനീയരിംഗിൽ പോയത്. ബിജു മേനോനെ ഇന്റർവ്യൂ ചെയ്യുന്ന പ്രശസ്തമായ രംഗം അവിടെ വെച്ചാണ് ചിത്രീകരിച്ചത്.
ആ ഷൂട്ടിംഗിന് പോയപ്പോൾ ഡ്രസ് മാറാനുള്ള റൂം കിട്ടുന്നത് വരെ പുറത്ത് കാറിൽ കാത്തിരുന സമയത്ത് എന്റെ കണ്ണിൽ പെട്ട ഒരു രംഗമുണ്ട്'. ഒരു വിദ്യാർത്ഥി, 19 - 20 വയസ്സ് പ്രായം തോന്നിക്കും. ഗെയ്റ്റിലെ സെക്യുരിറ്റി ഗാർഡിനോട് കെഞ്ചുകയാണ് അകത്തേക്ക് കയറ്റി വിടാ. അയാൾ നിഷ്കരുണം 'ഇല്ല' എന്ന് പറയുന്നു. ഞാൻ കാര്യമറിയാൻ അവരുടെ അടുത്തേക്ക് നടന്നു. കേട്ടതിതാണ്, " ചേട്ടാ ചേട്ടാ - പ്ലീസ് ചേട്ടാ.. ഞാൻ ഇന്നലെയും കൂടി താടി വടിച്ചതാണ്. ഇന്ന് അസൈൻമെന്റ് വച്ചില്ലെങ്കിൽ ഫൈൻ ഉണ്ട്- പ്ലീസ് ചേട്ടാ പ്ലീസ്." മുഖത്ത് താടി ഉണ്ടെങ്കിൽ കയറ്റി വിടാൻ നിവൃത്തിയില്ല എന്ന് അയാൾ . അവസാനം നിവർത്തിയില്ലാതെ കുറേ നേരം നിന്ന് ആ വിദ്യാർത്ഥി മടങ്ങി.
പിന്നീട് അദ്ധ്യാപകർ വിസിറ്റേഴ്സ് ബുക്കിൽ എഴുതാൻ പറഞ്ഞപ്പോൾ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തിലെ ബുക്കിൽ ഞാൻ എഴുതില്ല എന്ന് പറഞ്ഞു. അല്ലെങ്കിൽ മേൽ വിവരിച്ചത് എഴുതാം എന്നും പറഞ്ഞു, 'അയ്യോ, അതു വേണ്ട എന്നായി അവർ ! അദ്ധ്യാപകന്റെ മുഖത്ത് താടി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ 'ഓരോ നിയമങ്ങൾ അല്ലേ' എന്നായിരുന്നു മറുപടി.
ഷൂട്ടിംഗിന് പോയ നെഹ്റു കോളജ്, ജിഷ്ണു പഠിച്ചിരുന്ന, വിവാദം നടക്കുന്ന അതേ കോളജ് മാനേജ്മെന്റിന്റേതാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പാമ്പാടിയിൽ അല്ല,ലക്കിടിയിൽ ആണ് ആ കോളജ്.
ഒരു പാട് കുട്ടികൾ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാംപസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു. ഡിസിപ്ലിന്റെ പേരിൽ ശ്വാസം മുട്ടിക്കുന്ന പല കോളേജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും വീണ്ടും മുറുകാം.
ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ !