സുജിതയ്ക്കായുള്ള തെരച്ചിലില്‍ മുന്‍പന്തിയില്‍, യുവതിയെ കുഴിച്ചുമൂടിയ സ്ഥലത്ത് ബാത്‌റൂം കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടു; വിഷ്ണുവിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കൊല്ലപ്പെട്ട സുജിത. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് സുജിത കൃഷിഭവനില്‍ നിന്ന് പോയത്
മലപ്പുറം തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്നെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ്. വിഷ്ണുവും രണ്ട് സഹോദരങ്ങളും സുഹൃത്ത് സഹദും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ മാസം 11 -ാം തിയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവിന്റെ വീട്ടില്‍ വെച്ചാണ് സുജിതയെ പ്രതികള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് സുജിതയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. ഇതിനു ശേഷം മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു.
തുവ്വൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹിയാണ് പ്രതി വിഷ്ണു. വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് കേസില്‍ പിടിയിലായ മറ്റ് പ്രതികള്‍. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുക്കുകയായിരുന്നു.
സുജിതയ്ക്കായുള്ള തെരച്ചിലില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് വിഷ്ണുവാണ്. കൊലപാതകം നടത്തിയ വിഷ്ണു സുജിതയെ കാണാനില്ലെന്ന പൊലീസ് അറിയിപ്പ് അടക്കം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. മാത്രമല്ല സുജിതയുടെ തിരോധാന അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് തുവ്വൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താനും വിഷ്ണു മുന്‍പന്തിയിലുണ്ടായിരുന്നു.
യുവതിയുടെ തിരോധാനത്തെ തുടര്‍ന്ന് സംശയമുള്ളവരെയെല്ലാം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയും വിഷ്ണുവിനെയും നിരീക്ഷണത്തിലാക്കിയത്. വിഷ്ണുവിന്റെ കോണ്‍ടാക്ടുകള്‍ പരിശോധിച്ചതില്‍ നിന്നും യുവതിയുടെ ആഭരണങ്ങള്‍ ജ്വല്ലറിയില്‍ പണയം വെച്ചതായി സൂചന കിട്ടി. ഇതേ തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം അന്ന് ഉച്ചയ്ക്ക് ജ്വല്ലറിയില്‍ പോയി വിഷ്ണു സുജിതയുടെ സ്വര്‍ണം പണയം വെച്ചു. കൂട്ടുപ്രതികള്‍ക്കെല്ലാം പണം വീതിച്ചു നല്‍കി. തുടര്‍ന്ന് അന്ന് രാത്രി പ്രതികള്‍ ഒത്തുകൂടി വീടിനു സമീപത്തെ മാലിന്യക്കുഴി വിപുലീകരിച്ച് മൃതദേഹം മണ്ണിട്ടു മൂടി. അതുവരെ കട്ടിലിന്റെ അടിയിലാണ് മൃതദേഹം സൂക്ഷിച്ചത്. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ മാലിന്യക്കുഴിയുടെ മുകളില്‍ മെറ്റല്‍ പൊടി കൂട്ടിയിട്ടിരുന്നു.
യുവതിയെ കുഴിച്ചിട്ടതിന്റെ മുകളില്‍ ബാത്‌റൂം കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ദൃശ്യം സിനിമയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിയിട്ടത്. ബാത്‌റൂം കെട്ടിടം നിര്‍മിക്കാന്‍ ഹോളോബ്രിക്‌സ്, മെറ്റല്‍, എം സാന്‍ഡ് തുടങ്ങിയവ മൃതദേഹം കുഴിച്ചിട്ടതിനു മുകളില്‍ ഇറക്കിയിരുന്നു.
കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കൊല്ലപ്പെട്ട സുജിത. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് സുജിത കൃഷിഭവനില്‍ നിന്ന് പോയത്. എന്നാല്‍ ഇവര്‍ പിന്നീട് വിഷ്ണുവിന്റെ വീട്ടില്‍ എത്തിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കരുവാരക്കുണ്ട് പൊലീസിനാണ് അന്വേഷണ ചുമതല.