നടിക്കെതിരായ ആക്രമണം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ ഏഴ് പ്രതികള്‍ - പൾസർ സുനി ഒന്നാം പ്രതി
നടിക്കെതിരായ ആക്രമണം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു - പൾസർ സുനി ഒന്നാം പ്രതി
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി യുവനടിയെ ആക്രമിച്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയെന്നറിയപ്പെടുന്ന സുനിൽ കുമാറാണ് കേസിൽ ഒന്നാം പ്രതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ഏഴ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 165 സാക്ഷികളടങ്ങിയ പട്ടികയും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 17ന് രാത്രിയാണ് സുനിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം നടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൊബൈൽ ഫോണിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.