Publish Date: Tue, 12 Nov 2024 (12:13 IST)
Updated Date: Tue, 12 Nov 2024 (11:48 IST)
സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം എളമക്കര പ്ലേ ഗ്രൗണ്ട് റോഡില്‍ എ എന്‍ ആര്‍ എ 177ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍(37) ആണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ അധികവും.
2 യുവനടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തിയാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. നടിമാര്‍ വിദേശസന്ദര്‍ശനത്തിന് എത്തുമ്പോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ നല്‍കിയിരുന്നു. ഗള്‍ഫ് മലയാളികളുടെ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്.
പരസ്യം വിശ്വസിച്ച് ഒട്ടേറെ പേര്‍ 20,000 മുതല്‍ 30,000 രൂപ വരെയുള്ള തുകകള്‍ പ്രതിക്ക് മുന്‍കൂറായി നല്‍കിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നീട് മനസിലായെങ്കിലും നാണക്കേട് ഭയന്ന് ഇവരാരും തന്നെ പരാതിപ്പെട്ടില്ല. എന്നാല്‍ തങ്ങളുടെ പേരുപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ശ്രദ്ധയില്‍ പെട്ട യുവനടിമാര്‍ പരാതിപ്പെട്ടതോടെയാണ് സൈബര്‍ സെല്‍ പ്രതിയെ പിടികൂടിയത്.