Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹില്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ 'അവള്‍ക്ക് അറിയുന്ന പയ്യന്‍' എന്ന് മാനസയുടെ അച്ഛന്റെ മറുപടി; എറണാകുളത്തേക്ക് തിരിച്ചത് മകള്‍ ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയാതെ

രാഹില്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ 'അവള്‍ക്ക് അറിയുന്ന പയ്യന്‍' എന്ന് മാനസയുടെ അച്ഛന്റെ മറുപടി; എറണാകുളത്തേക്ക് തിരിച്ചത് മകള്‍ ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയാതെ
, വെള്ളി, 30 ജൂലൈ 2021 (20:21 IST)
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് കോതമംഗലത്ത് നടന്നത്. കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മകള്‍ കൊല്ലപ്പെട്ട വിവരം അറിയാതെയാണ് മാനസയുടെ അച്ഛന്‍ മാധവന്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മാധവന് മനസിലായി. അപ്പോഴും മകള്‍ ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയില്ലായിരുന്നു. രാഹിന്‍ എന്ന ചെറുപ്പക്കാരന്‍ മാനസയെ ആക്രമിച്ചു എന്നു മാത്രമാണ് മാധവന് അറിവുണ്ടായിരുന്നത്. ആരാണ് രാഹില്‍ എന്ന ചോദ്യത്തിനു മകള്‍ക്ക് അറിയുന്ന പയ്യന്‍ ആണെന്ന് മാനസയുടെ അച്ഛന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. 

മാനസയും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് രാഹില്‍ വീട്ടിലേക്ക് കയറിവന്നത്. സംഭവസ്ഥലത്തുവച്ച് തന്നെ മാനസയും രാഹിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടത്താണ് മാനസയ്ക്ക് വെടിയേറ്റത്. നെഞ്ചിലും തലയിലും. ഒരു വെടിയുണ്ട തലയോട്ടിയില്‍ തുളച്ചുകയറി. തലയോട്ടിയില്‍ എന്‍ട്രി മുറിവും, എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെടിയുണ്ട തലയോട്ടിയിലൂടെ തുളച്ചുകയറി പുറത്തേക്ക് പോയിട്ടുണ്ട്. പിന്നീടാണ് നെഞ്ചില്‍ വെടിയേറ്റത്. മാനസ മരിച്ചെന്ന് ഉറപ്പിച്ചതിനു പിന്നാലെ രാഹില്‍ സ്വയം വെടിവയ്ക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു. 
 
മാനസയും മൂന്ന് സുഹൃത്തുക്കളും ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിലേക്ക് രാഹില്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. രാഹിലിനെ കണ്ടതും മാനസ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. രാഹിലിന്റെ അടുത്തേക്ക് വന്നു. എന്തൊക്കെയോ ഇരുവരും സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് മാനസയുടെ കയ്യില്‍ ബലമായി പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയത്. മുറിയിലേക്ക് കൊണ്ടുപോയ ശേഷം വാതില്‍ അടയ്ക്കുകയും ചെയ്തു. ഇവിടെവച്ചാണ് രാഹില്‍ മാനസയെ വെടിവച്ചത്. ശബ്ദം കേട്ട് പുറത്തുനില്‍ക്കുന്ന മാനസയുടെ സുഹൃത്തുക്കള്‍ ഓളിയിടാന്‍ തുടങ്ങി. മാനസയെ വെടിവച്ചതിനു പിന്നാലെ രാഹില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടരെ തുടരെ വെടിയൊച്ച കേട്ടതും അയല്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിയെത്തി. വാതില്‍ തുറന്നു അകത്തു കടന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. 
 
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനിയായ പി.വി. മാനസ (24) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ അടുത്തറിയാമെന്നാണ് റിപ്പോര്‍ട്ട്. മാനസയെ കൊലപ്പെടുത്തിയശേഷം രാഹില്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂരില്‍നിന്ന് എത്തിയാണ് രാഹില്‍ മാനസയെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസയോട് രാഹിലിന് പക; കൊലപ്പെടുത്താന്‍ ഉറപ്പിച്ച് കണ്ണൂരില്‍ നിന്ന് കോതമംഗലത്തേക്ക്