Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാകുന്തളം കാണാൻ ടിക്കറ്റ് കിട്ടാതെ മടങ്ങിയ ഋഷിരാജ് സിങിനോട് ക്ഷമ ചോദിച്ച് മഞ്ജു വാര്യർ

അഭിഞ്ജാന ശാകുന്തളം; നന്ദി അറിയിച്ച് മഞ്ജു വാര്യർ

ശാകുന്തളം കാണാൻ ടിക്കറ്റ് കിട്ടാതെ മടങ്ങിയ ഋഷിരാജ് സിങിനോട് ക്ഷമ ചോദിച്ച് മഞ്ജു വാര്യർ
, ചൊവ്വ, 19 ജൂലൈ 2016 (18:01 IST)
ഇരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയം എന്തെന്നെറിയാതെ, ആരൊക്കയോ പറഞ്ഞത്
അതേ പോലെ പകര്‍ത്തുകയും, ഒരുദിവസം അത് അവസാനിപ്പിക്കുകയും
പിന്നീടൊരുദിവസം വീണ്ടും തുടങ്ങുകയും ചെയ്ത ഒരു പെണ്‍കുട്ടി അതാണ് താനെന്ന് മഞ്ജു വാര്യർ. വലിയൊരു സദസ്സിനു മുന്നിൽ ആ പെൺകുട്ടിയെ ഒരു ഇതിഹാസത്തിലെ കഥാപാത്രമാക്കിയ ഈശ്വരന് നന്ദി അറിയിച്ച് മഞ്ജു. കാവാലം നാരായണ പണിക്കരുടെ അഭിഞ്ജാന ശാകുന്തളമെന്ന നാടകം അരങ്ങിലെത്തിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിക്കുകയായിരുന്നു താരം.
 
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
അഭിജ്ഞാന ശാകുന്തളം നാടകം കണ്ട,അത് നന്നായി വരാന്‍ പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. കേവലം രണ്ടക്ഷരങ്ങളിലൊതുങ്ങുന്നതല്ല മനസ്സില്‍ ഇപ്പോള്‍ തോന്നുന്ന വികാരം. കാളിദാസന്റെ ഉപമകളില്‍ ഏതാകും ഹൃദയവിചാരങ്ങള്‍ക്ക് ഇപ്പോള്‍ യോജിക്കുക എന്ന് എനിക്കറിയില്ല. മാനായും മയിലായും മേഘമായും മുരളുന്ന വണ്ടായുമൊക്കെ മനുഷ്യനെ സങ്കല്പിച്ച അപാരമായ ഭാവനയ്ക്ക് മുന്നില്‍,വാക്കുകളുടെ കൈലാസമായ മഹാകവിയ്ക്ക് മുന്നില്‍ ആദ്യം
പ്രണമിക്കുന്നു.
 
തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലെ അരങ്ങില്‍ വീണ ഓരോ വിയര്‍പ്പുതുള്ളിയും ഒരു വലിയ മനുഷ്യന്റെ സ്വപ്‌നമായിരുന്നു; നമ്മുടെ പ്രിയപ്പെട്ട കാവാലം നാരായണപ്പണിക്കര്‍സാറിന്റെ. ശകുന്തളയുടെ ചമയങ്ങളില്‍ നില്കുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു, അദ്ദേഹത്തിന്റെ വാത്സല്യം നിറഞ്ഞ മുഖം. അരങ്ങിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പിന് നിമിത്തമായ പ്രിയപ്പെട്ട ആചാര്യന്റെ സാന്നിധ്യം കഴിഞ്ഞുപോയ ഓരോ നിമിഷത്തിലും ഞാന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. 
 
നിറഞ്ഞ മനസ്സോടെയും വിങ്ങുന്ന ഹൃദയത്തോടെയും ഞാന്‍ കാവാലം സാറിനുമുന്നില്‍ ശിരസ്ന മിക്കുന്നു. ആ കൈത്തലത്തിനു കീഴേ അഴിച്ചുവയ്ക്കുകയാണ് ഈ ആശ്രമകന്യകയുടെ വേഷം. തെറ്റുണ്ടായെങ്കില്‍ പൊറുക്കുക..ഒരു തരിയെങ്കിലും ശരിയെങ്കില്‍ അനുഗ്രഹിക്കുക.
 
കാവാലം സാറിന്റെ സ്വ്പനമായിരുന്നു ശാകുന്തളത്തിന്റെ പുനരവതരണം. അദ്ദേഹം അരങ്ങൊഴിഞ്ഞെങ്കിലും അതിനുവേണ്ടി ഒപ്പം നിന്ന കാവാലം കുടുംബത്തിലെ ഓരോ അംഗത്തെയും ഞാന്‍ ഓര്‍ക്കുന്നു.
 
എന്നിലെ അഭിനേത്രിക്ക് അരങ്ങിന്റെ ശീലങ്ങള്‍ പകര്‍ന്നുതന്ന...ശകുന്തളയ്ക്ക് ആശ്രമജനങ്ങള്‍ കാവലായ പോലെ എനിക്കൊപ്പം നിന്ന സോപാനത്തിലെ കലാകാരന്മാരെ, നിങ്ങളോടുള്ള കടപ്പാട് വിവരിക്കാനും എന്റെ വാക്കുകള്‍ അശക്തമാണ്. ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു, നിങ്ങളോരുത്തരെയും...വലിയൊരു ദൗത്യത്തില്‍ സഹയാത്രികരായ സ്വരലയയുടെ പ്രവര്‍ത്തകരോടും കടപ്പാട്.
 
ഞങ്ങളെ അനുഗ്രഹിക്കാനെത്തിയ വിശിഷ്ടവ്യക്തികള്‍ക്കും സിനിമയിലെ എന്റെ ഗുരുസ്ഥാനീയര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, നാടകപ്രേമികള്‍ക്കും, കലാസ്വാദകര്‍ക്കും മുന്നില്‍ ഒരിക്കല്‍ക്കൂടി പ്രണാമം.
 
തിരക്കുമൂലം പ്രവേശനം കിട്ടാതെ മടങ്ങിയ ഒരുപാട് പേരുണ്ട്. ബഹുമാനപ്പെട്ട എം.കെ.മുനീര്‍, ഋഷിരാജ് സിങ്, പ്രിയപ്പെട്ട വേണുസാര്‍...പേരറിയാത്ത ധാരാളം പേര്‍...നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഓരോരുത്തരുടെയും കൈത്തലം ചേര്‍ത്തുപിടിച്ച് ക്ഷമാപണം.
 
ഇരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയം എന്തെന്നെറിയാതെ, ആരൊക്കയോ പറഞ്ഞത് അതേ പോലെ പകര്‍ത്തുകയും, ഒരുദിവസം അത് അവസാനിപ്പിക്കുകയും പിന്നീടൊരുദിവസം വീണ്ടും തുടങ്ങുകയും ചെയ്ത ഒരു പെണ്‍കുട്ടി...അവളെ ഇങ്ങനെയൊരു വേദിയില്‍ എത്തിച്ച.....ഇത്രയും വലിയ ഒരു സദസ്സിനുമുന്നില്‍ഒരു ഇതിഹാസത്തിലെ കഥാപാത്രമാക്കി മാറ്റിയ... സര്‍വ്വേശ്വരന്
പ്രണാമം..
 
കാലമെന്ന സൂത്രധാരന് പ്രണാമം...
 
നന്ദി...ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും....

(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്) 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു ?; സുഹൃത്തിന്റെ അനധികൃത കെട്ടിടം പോളിക്കാതിരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം പ്രതിരോധ മന്ത്രിയുടെ സഹായം തേടി - കൂടുതല്‍ റിപ്പോര്‍ട്ട് പുറത്ത്