Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്‍ദാനം നല്‍കി വഞ്ചിച്ചു; മഞ്ജു വാര്യർ നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സർവീസസ് അതോറിറ്റി

വരുന്ന തിങ്കളാഴ്ച വയനാട് ലീഗല്‍ സർവീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് നടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്‍ദാനം നല്‍കി വഞ്ചിച്ചു; മഞ്ജു വാര്യർ നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സർവീസസ് അതോറിറ്റി
, ഞായര്‍, 14 ജൂലൈ 2019 (12:41 IST)
വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാമെന്ന് വാഗ്‍ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍‍ നടി മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി നോട്ടീസ് നൽകി.വരുന്ന തിങ്കളാഴ്ച വയനാട് ലീഗല്‍ സർവീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് നടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് വർഷം മുൻപ് പനമരം പ‌‌ഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍ പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാമെന്ന് മഞ്ജുവാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.
 
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. ഇവിടുള്ളവർക്ക് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നില നില്‍ക്കുന്നതിനാല്‍ സർക്കാരും പഞ്ചായത്ത് അധികൃതരും പ്രളയ സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു. അതേസമയം കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍ സർവീസ് അതോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യർ ഫൗണ്ടേഷന്‍ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
 
എന്നാല്‍ ഈ വാഗ്ദാനം കോളനിക്കാർ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് വരുന്ന തിങ്കളാഴ്ച മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി നിർദേശിച്ചത്. കമ്മീഷനിൽ നിന്നുള്ള കർശന നടപടി ഒഴിവാക്കാൻ തൽക്കാലം, കോളനിയിലെ 40 വീടുകളുടെ മുകളിൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ചോർച്ച ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചു നല്‍കിയിരുന്നു.
 
പ്രദേശത്തുള്ള 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടിരൂപ ചിലവില്‍ വീട് നിർമിച്ച് നല്‍കാന്‍ ഒരാൾക്ക് മാത്രമായി കഴിയില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ താമര: പശ്ചിമ ബംഗാളിൽ നിന്നും 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്